തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം. വിളപ്പിൽശാലയിൽ പേയാട് സിപിഎം ഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം നാലരയോടെ ആണ് സംഭവം. വീടിന് നേരെ പക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം അക്രമി സംഘം വീട്ടിനുള്ളില്‍ കയറി വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ത്തു.
സംഭവ സമയം അസീസിന്റെ ഭാര്യ, ഇളയ മകൻ എന്നിവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പത്രത്തിന്റെ പണം അടക്കുന്നതിന് ദേശാഭിമാനിയുടെ തിരുവനന്തപുരം ഓഫിസിൽ പോയിരിക്കുകയായിരുന്നു മുൻ പഞ്ചായത്ത് അംഗം കൂടിയായ അസീസ്. ഈ സമയത്താണ് അക്രമി സംഘം വീടിന് നേരെ ആക്രമണം നടത്തിയത്.
വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും, കതക് ചവിട്ടി തുറന്നു അകത്തു കയറി ടിവി, വാഷ് ബേസിൻ ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അഞ്ചു പേരുൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് അസീസിന്റെ ഭാര്യ പറഞ്ഞു. ഇവരിൽ മൂന്നുപേരെ കണ്ടാൽ തിരിച്ചറിയുമെന്നും ഇവർ പറഞ്ഞു. അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ഇവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇളയ മകനുമായി അകത്തെ മുറിയിൽ കയറി കതകടച്ച് രക്ഷപെടുകയായിരുന്നു എന്നും ഭാര്യ കൂട്ടിച്ചേർത്തു.
സംഭവം അറിഞ്ഞെത്തിയ വിളപ്പിൽശാല പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയും വീട്ടുകാരിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പേയാട് പള്ളിമുക്കിൽ വച്ച് അസീസിന്റെ മകൻ അസീമും മറ്റൊരു യുവാവും തമ്മിൽ ദിവസങ്ങൾക്ക് മുൻപ് അടിപിടിയുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ യുവാവും സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും വിളപ്പില്‍ശാല പോലീസ് വ്യക്തമാക്കി.
Most Read: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍