മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്‌പി എസ് സുജിത്ത് ദാസ് പറഞ്ഞു. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വെളുത്ത് തടിച്ച്, താടിയും മീശയും ഇല്ലാത്ത യുവാവാണ് അക്രമം നടത്തിയതെന്നും ഇയാളെ പലപ്പോഴായി കണ്ടിട്ടുണ്ടെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കിയതായാണ് വിവരം.
ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ യുവതിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. കോട്ടുക്കരയിലെ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന പ്രതി പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെൺകുട്ടി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വസ്‍ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലും ദേഹത്താകെ മണ്ണ് പറ്റിപ്പിടിച്ച നിലയിലുമായിരുന്നു വിദ്യാര്‍ഥിനിയെന്ന് പ്രദേശവാസി പറഞ്ഞു. പെണ്‍കുട്ടിയുടെ വായില്‍ ഷാള്‍ കുത്തിക്കയറ്റിയിരുന്നു. കല്ലുകള്‍കൊണ്ട് മുഖത്തിടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നതായി ഇവര്‍ പറഞ്ഞു.
പ്രദേശവാസികള്‍ സമീപ സ്‌ഥലങ്ങളില്‍ അക്രമിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശരീരമാസകലം പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്‌ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
Malabar News: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി