മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ വിചാരണ സംബന്ധിച്ച കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. വിചാരണ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് കൈമാറണോ എന്ന കാര്യത്തിലാകും മെഡിക്കൽ ബോർഡ് തീരുമാനം എടുക്കുക. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർ ബലാൽസംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപെട്ടാൽ അവരുടെ മാനസിക വളർച്ച പരിശോധിച്ച് മെഡിക്കൽ ബോർഡാണ് വിചാരണ തീരുമാനിക്കുക.
മാനസിക വളർച്ച എത്തിയതായി കണ്ടെത്തിയാൽ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറും. തെളിവുകൾ പൂർണമായും പ്രതിക്ക് എതിരാണ്. സംഭവസ്‌ഥലത്ത് നിന്ന് ലഭിച്ച പ്രതിയുടെ ചെരുപ്പും വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്‌ത്രങ്ങളും ശരീരത്തിലേറ്റ മുറിവുകളും കേസിൽ നിർണായകമാണ്. എന്നാൽ, ക്രിമിനൽ പശ്‌ചാത്തലം ഇല്ലെന്നുള്ളതാണ് പ്രത്യേകത. ഡൽഹിയിലെ നിർഭയ സംഭവത്തിന് ശേഷമാണ് പ്രായപൂർത്തിയാകാത്തവർ പ്രതികളായ കേസിൽ 15 വയസ് പൂർത്തിയായവരുടെ കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചത്.
കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് പീഡന ശ്രമം നടത്തിയതെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് പറഞ്ഞു. നിലവിൽ വധശ്രമത്തിനും ബലാൽസംഗ ശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്റർനെറ്റ് ദുരൂപയോഗമാകാം കുറ്റകൃത്യത്തിന് പ്രേരണയതെന്നും കൃത്യത്തിൽ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ കണ്ടെത്തലെന്നും എസ്‌പി വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം ഉച്ചക്ക് കോട്ടുക്കരയിലെ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന പ്രതി പെൺകുട്ടിയെ പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോയി ബലാൽസംഗം നടത്താനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെൺകുട്ടി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വസ്‍ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലും ദേഹത്താകെ മണ്ണ് പറ്റിപ്പിടിച്ച നിലയിലുമായിരുന്നു വിദ്യാര്‍ഥിനി. പെണ്‍കുട്ടിയുടെ വായില്‍ ഷാള്‍ കുത്തിക്കയറ്റിയിരുന്നു. കല്ലുകള്‍കൊണ്ട് മുഖത്തിടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നു.
Most Read: പാക് പൗരൻമാർക് കൊച്ചിയിൽ നിന്ന് മടങ്ങാം; കേസ് കോടതി റദ്ദാക്കി