മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് പീഡന ശ്രമം നടത്തിയതെന്ന് ജില്ലാ പോലീസ് നേതാവ് എസ് സുജിത്ത് ദാസ് പറഞ്ഞു. പ്രതി പത്താം ക്‌ളാസ് വിദ്യാർഥിയാണെന്നും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പീഡനം തന്നെയായിരുന്നു പ്രതിയുടെ ഉദ്ദേശം. കേസിൽ പതിനഞ്ചുകാരന്റെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും. കുറ്റകൃത്യത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നിലവിൽ വധശ്രമത്തിനും ബലാൽസംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, പ്രതി നല്ല ആരോഗ്യം ഉള്ള ആളാണെന്നും ജൂഡോ ചാമ്പ്യനുമാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും പോലീസ് വ്യക്‌തമാക്കി. പിടിവലിക്കിടെ പെൺകുട്ടിയുടെ നഖം കൊണ്ട് യുവാവിന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. എന്നാൽ, നായ ഓടിച്ചപ്പോൾ വീണതെന്നാണ് പ്രതി വീട്ടുകാരോട് പറഞ്ഞിരുന്നത്. യുവാവിനെ വീട്ടിൽ നിന്നാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. പിതാവിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ പോലീസ് ചോദ്യം ചെയ്‌തത്.
ഇന്റർനെറ്റ് ദുരൂപയോഗമാകാം കുറ്റകൃത്യത്തിന് പ്രേരണയതെന്നും കൃത്യത്തിൽ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ കണ്ടെത്തലെന്നും എസ്‌പി വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം ഉച്ചക്ക് കോട്ടുക്കരയിലെ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന പ്രതി പെൺകുട്ടിയെ പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോയി ബലാൽസംഗം നടത്താനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെൺകുട്ടി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വസ്‍ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലും ദേഹത്താകെ മണ്ണ് പറ്റിപ്പിടിച്ച നിലയിലുമായിരുന്നു വിദ്യാര്‍ഥിനി. പെണ്‍കുട്ടിയുടെ വായില്‍ ഷാള്‍ കുത്തിക്കയറ്റിയിരുന്നു. കല്ലുകള്‍കൊണ്ട് മുഖത്തിടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നു.
Most Read: അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 7 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത