തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം.
ഈ തീരുമാനം പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനാണ് ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുന്നത്. വൈകിട്ട് 3.30ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
വിദ്യാർഥികളുടെ കണ്‍സഷന്‍ ശാസ്‌ത്രീയമായി പഠിച്ച് തീരുമാനമെടുക്കാന്‍ കമ്മീഷനെ വയ്‌ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം, തമിഴ്‌നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
കെ-സ്വഫ്റ്റിലെ നിരക്ക് മറ്റ് കെഎസ്ആര്‍ടിസി സര്‍വീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം കൂടി കേട്ടാണ് കോടതി പദ്ധതിക്ക് അനുമതി നല്‍കിയതെന്നും മന്ത്രി ആന്റണി രാജു ഇന്നലെ ചൂണ്ടികാട്ടിയിരുന്നു.
Read Also: സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത