ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

By Desk Reporter, Malabar News
Malabarnews_bhagyalakshmi in high court
Ajwa Travels

കൊച്ചി: യൂട്യൂബിലൂടെ സ്‌ത്രീകൾക്കെതിരെ അശ്‌ളീല പരാമർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസിൽ ഭാഗ്യലക്ഷ്‍മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഭാഗ്യലക്ഷ്‍മി, ദിയ സന, ശ്രീലക്ഷ്‍മി അറക്കൽ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ വിജയ് പി നായരുടെ താമസസ്‌ഥലത്തു അതിക്രമിച്ചു കയറി ആക്രമിച്ചിട്ടില്ലന്നും, പ്രശ്‌നം പറഞ്ഞു തീർക്കുമ്പോൾ വിജയ് പി നായർ പ്രകോപനപരമായി പെരുമാറുകയായിരുന്നു എന്നുമാണ് ഹരജിയിൽ ഭാഗ്യലക്ഷ്‍മി ഉൾപ്പടെ ഉള്ളവർ വ്യക്‌തമാക്കുന്നത്.

ഒക്‌ടോബർ 23ന് ഹരജി പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ഇവരെ അറസ്‌റ്റ് ചെയ്യരുതെന്ന് പോലീസിനോട് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, നിയമം കൈയിലെടുക്കാൻ ആരാണ് അധികാരം തന്നതെന്ന് ഹരജിക്കാരോട് കോടതി ചോദിച്ചിരുന്നു. ‘അടിക്കാൻ തയ്യാറാണെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടാനും തയ്യാറാകണം. പ്രതികളുടെ പ്രവർത്തി തെറ്റായ സന്ദേശം നൽകുന്നതാണ്’,- എന്നും കോടതി പറഞ്ഞിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ഭാഗ്യലക്ഷ്‍മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുൻപ് തന്റെ ഭാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ട് വിജയ് പി നായർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. തനിക്കെതിരെ നടത്തിയ ആക്രമണത്തിൽ രാഷ്‌ട്രീയമായ ഗൂഢാലോചന ഉണ്ടെന്നും അതിനാലാണ് പ്രതികളെ സംരക്ഷിക്കാനായി ഇപ്പോൾ ഐടി ആക്‌ടിൽ ഭേദഗതി വരുത്തിയതെന്നും വിജയ് പി നായർ ഹരജിയിൽ പറയുന്നു. ഒപ്പം തന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും താൻ സ്വമേധയാ നൽകിയതാണെന്ന വാദം തെറ്റാണെന്നും, തന്റെ കയ്യിൽ നിന്നും ഭാഗ്യലക്ഷ്‍മിയും കൂട്ടരും അവ ബലമായി തന്നെ പിടിച്ചു വാങ്ങിയതാണെന്നും ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്.

Related News:  നിയമം കയ്യിലെടുത്ത കേസ്; തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യവുമായി വിജയ് പി നായര്‍ ഹൈക്കോടതിയില്‍

വിജയ് പി നായര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കാണ് വിജയ് താമസിക്കുന്ന സ്‌ഥലത്ത് എത്തിയതെന്നാണ് ഭാഗ്യലക്ഷ്‍മിയുടേയും കൂട്ടരുടേയും ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസ് വിശദമായി മനസ്സിലാക്കാൻ ഈ ലിങ്ക് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE