മലപ്പുറം: മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം സ്വദേശിയായ കോൽക്കാരൻ നജിമുദ്ധീൻ എന്ന സഞ്‌ജയ് ഖാനെയാണ് (36) പാണ്ടിക്കാട് പോലീസ് പിടിക്കൂടിയത്. 2011 മെയ് മാസത്തിൽ പാണ്ടിക്കാട് കൊളപ്പറമ്പിൽ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് ബൈക്കും മോഷ്‌ടിച്ച കേസിൽ ഇയാൾ പോലീസിന്റെ പിടിയിലായിരുന്നു.
പോലീസ് പിടിയിലായ നജിമുദ്ധീന് പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യം ലഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ തമിഴ്‌നാട് മധുരയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി പത്ത് വർഷത്തോളമായി സംസ്‌ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്‌ഥലങ്ങളിൽ പല പേരുകളിലായി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതിക്ക് ജാമ്യക്കാരനായി നിന്നയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പാണ്ടിക്കാട് പോലീസിനെ മധുരയിൽ എത്തിച്ചത്. അതേസമയം, സഞ്‌ജയ് ഖാനെതിരെ മലപ്പുറം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ സമാന കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി പോലീസ് അറിയിച്ചു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Most Read: കോളേജുകളും തുറക്കുന്നു; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ