സിറാജ് മാജിക്കില്‍ (4-2-8-3) കൊൽക്കത്ത വീണു; ബംഗളൂരിന് എട്ട് വിക്കറ്റ് ജയം

By Sports Desk , Malabar News
Ajwa Travels

അബുദാബി: ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിറാജിന്റെ ദിവസമായിരുന്നു ഐപിഎല്ലില്‍ ഇന്ന്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച ബൗളിംഗ് പ്രകടനം കാഴ്‌ച്ച വച്ച സിറാജ് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയ കളിയില്‍ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് എട്ട് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി. സിറാജിന്റെ നേതൃത്വത്തിലുള്ള ബംഗളൂര്‍ ബൗളര്‍മാര്‍ കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ ചീട്ടു കൊട്ടാരം പോലെ തകര്‍ത്തപ്പോള്‍ നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 84 റണ്‍സ് മാത്രമാണ് കൊൽക്കത്തക്ക് നേടാനായത്.

ചെറിയ വിജയ ലക്ഷ്യമായ 85 റണ്‍സ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (16), ദേവ്ദത്ത് പടിക്കല്‍ (17 പന്തില്‍ 25) എന്നിവരുടെ വിക്കറ്റ് നഷ്‌ടത്തില്‍ 13.2 ഓവറില്‍ ബംഗളൂര്‍ നേടി. വിരാട് കോഹ്‌ലി (18), ഗുര്‍കീറത് സിംഗ് (21) എന്നിവര്‍ പുറത്താകാതെ നിന്നു.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി നാല് മെയ്ഡന്‍ ഓവര്‍ എറിയുന്ന ടീം എന്ന റെക്കോര്‍ഡ് ബംഗളൂരിനും രണ്ട് മെയ്ഡന്‍ ഓവര്‍ എറിയുന്ന ബൗളര്‍ എന്ന റെക്കോര്‍ഡ് മുഹമ്മദ് സിറാജിനും മൽസരത്തോടെ സ്വന്തമായി. സിറാജിനെ കൂടാതെ ക്രിസ് മോറിസ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് മെയ്‍ഡന്‍ ഓവറുകള്‍ എറിഞ്ഞത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊൽക്കത്തയെ കാത്തിരുന്നത് ഈ സീസണിലെ ഏറ്റവും വലിയ ബാറ്റിംഗ് തകര്‍ച്ചയാണ്. പേസര്‍ മുഹമ്മദ് സിറാജ് ആണ് കൊൽക്കത്തയുടെ നാശത്തിന് തുടക്കം കുറിച്ചത്. രണ്ടാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ രാഹുല്‍ ത്രിപാടി (ഒന്ന്), നിതീഷ് റാണ (പൂജ്യം) എന്നിവരെ പുറത്താക്കിയ സിറാജ് തന്റെ തൊട്ടടുത്ത ഓവറില്‍ പ്രത്യാക്രമണത്തിന് ശ്രമിച്ച ടോം ബാന്റെണെ (എട്ട് ബോളില്‍ നിന്ന് സിക്‌സും ഫോറുമടക്കം 10 റണ്‍സ്) ഡ്രെസിംഗ് റൂമിലേക്ക് തിരിച്ചയച്ചു.

ത്രിപാടിയെ വിക്കറ്റിന് പിന്നില്‍ ഡിവിലേയ്ഴ്സ് പിടിച്ച് പുറത്താക്കിയപ്പോള്‍ റാണയെ സിറാജ് ക്‌ളീന്‍ ബൗള്‍ഡാക്കി. ഇതിനിടെ ശുബ്മാന്‍ ഗില്ലിനെ (1) സൈനി മോറിസിന്റെ കൈകളില്‍ എത്തിച്ചതോടെ കൊൽക്കത്തക്ക് നാലാം വിക്കറ്റും നഷ്‌ടമായി. ആദ്യ രണ്ട് ഓവറുകളും മെയ്ഡന്‍ എറിഞ്ഞ സിറാജ് മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത് (2-2-0-3).

ബൗളിംഗ് ചെയ്ഞ്ചായി എത്തിയ സ്‌പിന്നർ യൂസ്‌വേന്ദ് ചഹാലിന്റെ വകയായിരുന്നു അടുത്ത പ്രഹരം. പാഡില്‍ കൊണ്ട പന്തില്‍ ലെഗ് ബിഫോര്‍ വിക്കറ്റ് അനുവദിക്കാതിരുന്ന അമ്പയറുടെ തീരുമാനത്തിനെതിരെ നല്‍കിയ റിവ്യൂവില്‍ ദിനേശ് കാര്‍ത്തിക് (14 പന്തില്‍ നിന്ന നാല് റണ്‍സ്) പുറത്തായി. ഒരു ഘട്ടത്തില്‍ കൊൽക്കത്ത 2.2 ഓവറില്‍ മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ്, 3.3 ഓവറില്‍ 14 റണ്‍സിന് നാല് വിക്കറ്റ്, 8.4 ഓവറില്‍ 32 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു.

10 ഓവര്‍ പിന്നിട്ടപ്പോള്‍ 35 റണ്‍സായിരുന്നു കൊൽക്കത്തയുടെ സ്‌കോർ. 13ആം ഓവറില്‍ ചഹാലിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച കമ്മിന്‍സ് (17 ബോളില്‍ നാല് റണ്‍സ്) ദേവദത്ത് പടിക്കലിന്റെ കയ്യില്‍ ഒതുങ്ങിയതോടെ കൊൽക്കത്ത ആറ് വിക്കറ്റിന് 42 എന്ന പരിതാപകരമായ നിലയിലായി.

വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാമത്തെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച മോര്‍ഗന്‍ (34 പന്തില്‍ 30 റണ്‍സ്) ബൗണ്ടറിക്ക് അരികില്‍ ഗുര്‍കീറത് സിംഗിന്‍റെ കൈകളില്‍ ഒതുങ്ങിയതോടെ കല്‍ക്കട്ടയുടെ അവസാന ഔദ്യോഗിക ബാറ്റ്സ്‍മാനും പുറത്തായി. അവസാന ഓവറുകളില്‍ ഫെര്‍ഗൂസന്‍ (പുറത്താകാതെ 19), കുല്‍ദീപ് (12) എന്നിവരുടെ ശ്രമം സ്‌കോർ 84-ല്‍ എത്തിച്ചു. ചഹാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Read Also: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യ പോവുക ജംബോ സ്‌ക്വാഡുമായി; ബിസിസിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE