ബംഗളൂരു: ബംഗളൂരു ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രം. എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് പ്രതിയല്ല. കന്നട സീരിയൽ നടി അനിഘയാണ് എൻസിബി രജിസ്‌റ്റർ ചെയ്‌ത കേസിലെ ഒന്നാംപ്രതി.
ബംഗളൂരു ലഹരിക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ രണ്ട് തട്ടിലാണ്. ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവിന്ദ്രൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
ഇഡി അറസ്‌റ്റ് ചെയ്‌ത ബിനീഷിനെ എൻസിബിയും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തിരുന്നു. ഇഡിയുടേയും എൻസിബിയുടേയും കുറ്റപത്രങ്ങൾ കോടതിയുടെ പരിഗണനയിലാണുള്ളത്. ജാമ്യാപേക്ഷ വീണ്ടും തള്ളിയ സാഹചര്യത്തിൽ മേൽക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ നീക്കം.
രണ്ട് കുറ്റപത്രങ്ങളിലെയും വൈരുധ്യങ്ങൾ കോടതിയിൽ ഉന്നയിക്കാനാണ് നീക്കം. എന്നാൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിർണ്ണായക കണ്ടെത്തലുകൾക്ക് ഇനിയും സാധ്യതയുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നത്.