ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്നാണ് മൽസരിക്കുക. വാർത്താ സമ്മേളനത്തിൽ യുപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് സ്‌ഥാനാർഥി പട്ടിക പുറത്തു വിട്ടത്.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 58 സീറ്റുകളിൽ 57 എണ്ണത്തിലേക്കും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 55 സീറ്റുകളിൽ 48 എണ്ണത്തിലേക്കും ഉള്ള സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്തു മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്ന് ജനവിധി തേടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി അഞ്ച് തവണ ലോകസഭയിലേക്ക് മൽസരിച്ചു വിജയിച്ച ഗോരഖ്പൂർ ആണ് അദ്ദേഹം തിരഞ്ഞെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് യോഗിയുടെ കന്നിയങ്കമാണ്. നിലവില്‍ യോഗി ഉത്തര്‍പ്രദേശ് ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗമാണ്. 2017 മാര്‍ച്ചിലാണ് അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. യോഗി മൽസരിക്കുന്ന ഗോരഖ്പൂർ അര്‍ബന്‍ മണ്ഡലത്തില്‍ മാര്‍ച്ച് മൂന്നിനാണ് വോട്ടെടുപ്പ് നടക്കുക.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.
Most Read: കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു