കവരത്തി: ലക്ഷദ്വീപിലെ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ 2 ബിജെപി ഓഫിസുകൾക്ക് നേരെയും ഭരണകൂടം സ്‌ഥാപിച്ച ഫ്‌ളക്‌സുകൾക്ക് നേരെയുമാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് രാവിലെ ഡെൽഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ദ്വീപിൽ പ്രതിഷേധം കടുപ്പിച്ചത്. കരി ഓയിൽ ഒഴിച്ചവർക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിനായി ഇന്ന് ലക്ഷദ്വീപിൽ എത്തും. കേസുമായി ബന്ധപ്പെട്ട് പോലീസിന് മുന്നിൽ ഹാജരാകണമെന്ന് കേരള ഹൈക്കോടതി ഐഷയോട് നിർദ്ദേശിച്ചിരുന്നു. ഐഷ സമർപ്പിച്ച മുൻകൂർ ഹരജി പരിഗണിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്. കവരത്തി പോലീസിന് മുന്നിൽ ഈ മാസം 20ന് ഹാജരാകണമെന്നാണ് ഐഷയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നീതിപീഠത്തിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഐഷ പറഞ്ഞു. ‘സത്യത്തിന്റെ പാതയില്‍ ഇന്ന് തിരക്ക് വളരെ കുറവാണ്, അതുകൊണ്ട് തന്നെ എനിക്ക് എളുപ്പത്തില്‍ എന്റെ ലക്ഷ്യ സ്‌ഥാനത്ത് എത്താന്‍ സാധിക്കും’- ഐഷ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു. തനിക്ക് പിന്തുണ നൽകിയ മാദ്ധ്യമങ്ങൾക്കും കേരളത്തിലെ ജനങ്ങൾക്കും ഐഷ നന്ദി പറയുകയും ചെയ്‌തു.
മീഡിയാ വൺ ചാനലിന് നൽകിയ അഭിമുഖത്തിനിടെ ‘ബയോവെപ്പൺ’ എന്ന വാക്ക് പ്രയോഗിച്ചതിന്റെ പേരിലാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ലക്ഷദ്വീപിലെ ബിജെപി ഘടകം പ്രസിഡണ്ട് സി അബ്‌ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, ഇതിൽ പ്രതിഷേധിച്ച് നിരവധി ബിജെപി പ്രവർത്തകർ രാജിവെക്കുകയും ചെയ്‌തിരുന്നു.
Read also: കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; എഫ്‌ഐആറിനെതിരെ കരാർ കമ്പനി കോടതിയിൽ