മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്ന് എൻഐഎ അന്വേഷണം ഏറ്റെടുക്കുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്‌തു.
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ബഹുനില വസതിയായ ആന്റിലക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് 20 ജലാറ്റിന്‍ സ്‌റ്റിക്കുകളും ഭീഷണിസന്ദേശവും പോലീസ് കണ്ടെടുത്തിയിരുന്നു. മുകേഷ് അംബാനിക്കും, ഭാര്യ നിത അംബാനിക്കുമുള്ള ഭീഷണിക്കത്താണ് കാറിൽ നിന്നും പോലീസ് കണ്ടെടുത്തത്.
‘ഇത് വെറുമൊരു ട്രെയിലറാണ്. കൂട്ടിയോജിപ്പിക്കാത്ത സ്‌ഫോടക വസ്‌തുക്കളാണ് ഇവ, എന്നാൽ അടുത്ത തവണ ഉറപ്പായും എല്ലാം ശരിയായ രീതിയിൽ ഘടിപ്പിച്ച ശേഷം അയക്കാം’- എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.
സ്‌ഫോടക വസ്‌തുക്കൾ നിറച്ച് ഉപേക്ഷിച്ച കാറിന്റെ ഉടമയെ ദിവസങ്ങൾക്ക് മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താനെ സ്വദേശിയായ മൻസൂക് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനെക്കടുത്തുള്ള കൽവ കടലിടുക്കിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ വാഹനം മോഷണം പോയതായും സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു.
Read Also: ബിജെപിയെ തോൽപ്പിക്കണം; കർഷക സമരക്കാർ ബംഗാളിലേക്ക്