കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ഭരണകൂടം വിദഗ്ധോപദേശം തേടി. അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിനോടാണ് ഉപദേശം തേടിയത്. തീ അണയ്‌ക്കൽ നടപടിയിലാണ് വിദഗ്‌ധ ഉപദേശം തേടിയത്. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലുമായാണ് ചർച്ച നടത്തിയത്. നിലവിലെ തീ അണയ്‌ക്കൽ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തീ അണച്ച മേഖലകളിൽ ജാഗ്രത വേണമെന്നും നിർദ്ദേശം നൽകി. ജില്ലാ കളക്‌ടർ എൻഎസ്‌കെ ഉമേഷ്, സംസ്‌ഥാനാ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.
അതേസമയം, കൊച്ചി ബ്രഹ്‌മപുരത്ത് മാലിന്യ നിർമാർജന സംവിധാനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത് അശാസ്‌ത്രീയമാണെന്ന് വെളിപ്പെടുത്തുന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട് പുറത്തുവന്നു. നഗരസഭ വേണ്ടത്ര മുൻകരുതലുകൾ പാലിക്കാതെയാണ് കൊച്ചിയിൽ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. വേർതിരിക്കാത്ത മാലിന്യങ്ങൾ തുറന്ന സ്‌ഥലങ്ങളിലാണ് നിക്ഷേപിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് പത്തിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ബെംഗളൂരുവിലെ റീജിയണൽ ഡയറക്‌ടറേറ്റ് പ്രദേശം സന്ദർശിച്ചു തയ്യാറാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നത്. പ്ളാന്റിന് മെച്ചപ്പെട്ട രൂപകൽപ്പനയില്ല. 2016ലെ സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് ചട്ടങ്ങൾക്ക് അനുസൃതമായല്ല പ്രവർത്തനം. പരിശോധന നടക്കുന്നതിനിടയിൽ പലയിടങ്ങളിലും തീ ഉണ്ടായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതിനായുള്ള അനുമതി പലതവണ പ്ളാന്റിന് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം ജില്ലാ ഓഫീസിലെ ഉദ്യോഗസ്‌ഥരും പരിശോധനക്ക് ഉണ്ടായിരുന്നു. കരാർ കമ്പനിയായ സോൻടാ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചില്ല. 55 കോടിക്ക് ആയിരുന്നു മാലിന്യം കൈകാര്യം ചെയ്യാനുള്ള കരാർ നൽകിയിരിക്കുന്നത്. കാലാവധി ഈ വർഷം ഏപ്രിൽ വരെ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ