കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്‌ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച വാൻ ബസിലേക്ക് ഇടിച്ചു കയറിയാണ് വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനും ഉൾപ്പടെ ഒമ്പത് പേർക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ജെൻസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവർ ഉൾപ്പടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്‌ടമായത്. കോഴിക്കോട് ജോലി സ്‌ഥലത്ത് ആയതിനാൽ ശ്രുതി രക്ഷപ്പെട്ടു.
Most Read| ജമ്മുവിൽ പ്രകോപനമില്ലാതെ പാക്ക് സൈന്യത്തിന്റെ വെടിവെപ്പ്; ജവാന് പരിക്ക്