ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിലെ ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30ന് നടക്കും. മമത ബാനര്‍ജി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ്. ഒക്‌ടോബർ മൂന്നിനാണ് വോട്ടെണ്ണല്‍.
ഭവാനിപൂരിനൊപ്പം ബംഗാളിലെ മറ്റു രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കും. സംസര്‍ഗഞ്ച്, ജാംഗിപുര്‍ എന്നിവയാണ് സെപ്റ്റംബര്‍ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ട് മണ്ഡലങ്ങള്‍. ഒഡീഷയിലെ പിപ്‌ലിയിലും അന്നുതന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും.
മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മമതയ്‌ക്ക് വേണ്ടി കൃഷി മന്ത്രി ശോഭൻദേബ് ചതോപാധ്യായ എംഎൽഎ സ്‌ഥാനം രാജിവെച്ചിരുന്നു. എംഎൽഎമാരുടെ മരണത്തെ തുടർന്നാണ് സംസർഗഞ്ച്, ജംഗിപൂർ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അതേസമയം മറ്റ് ഉപതിരഞ്ഞെടുപ്പുകള്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി. വിവിധ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെയും ചീഫ് സെക്രട്ടറിമാരുടെയും നിർദ്ദേശ പ്രകാരമാണ് 31 നിയമസഭാ മണ്ഡലങ്ങളിലെയും 3 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചിട്ടുള്ളത്.
National News: ‘നല്ല മനുഷ്യന്‍, നല്ല ജഡ്ജി’; ചീഫ് ജസ്‌റ്റിസിനെ പുകഴ്‌ത്തി തുഷാര്‍ മേത്ത