പാനൂർ: വീട്ടുപറമ്പിൽ 71 കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തിയയാളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. രണ്ട് മീറ്ററിലധികം നീളമുള്ള ചെടികളാണ് എല്ലാം. വീടിന്റെ പിറകുവശത്താണ് ഇവ നട്ടുവളർത്തിയത്.
രാത്രി സമയത്ത് അരവിന്ദാക്ഷൻ ചെടികൾ പരിചരിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന ഇയാൾ സ്വന്തം ഉപയോഗത്തിനും വിൽപനക്കും വേണ്ടിയാണ് കഞ്ചാവ് കൃഷി ആരംഭിച്ചത്. കാരുണ്യം ഗ്രാമസേവാ കേന്ദ്രം പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്നാണ് കൂത്തുപറമ്പ് എക്‌സൈസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
എക്‌സൈസ് സിഐ പികെ സതീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സുധീർ വാഴവളപ്പിൽ, സിവിൽ ഓഫീസർമാരായ ജലീഷ് പി, വിഎം വിനേഷ്, പിടി സജിത്ത്, കെ സജേഷ്, എം ഷംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്ക് എതിരെ നർകോട്ടിക്‌സ് ആക്‌ട് പ്രകാരം കേസെടുത്തു.
Read also: തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു