കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പശ്‌ചിമ ബംഗാളിന്റെ ഭരണത്തില്‍ ഒരു ലജ്‌ജയുമില്ലാതെ ഇടപെടുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്‌ഥരുടെ സ്‌ഥലമാറ്റത്തിലൂടെ സംസ്‌ഥാന ഗവണ്‍മെന്റിന്റെ ഭരണത്തില്‍ കേന്ദ്രം ഇടപെടുന്നുവെന്ന് മമത ആഞ്ഞടിച്ചു. അതേസമയം ഫെഡറലിസം നിലനിര്‍ത്താന്‍ തങ്ങളുമായി ഐക്യപ്പെട്ട രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ക്ക് നന്ദിയും മമത രേഖപ്പെടുത്തി.
Centre is brazenly interfering with State Govt functioning by transferring police officers. My gratitude to @bhupeshbaghel @ArvindKejriwal @capt_amarinder @ashokgehlot51 & @mkstalin for showing solidarity to people of Bengal & reaffirming their commitment to federalism.Thank you!
— Mamata Banerjee (@MamataOfficial) December 20, 2020
ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹാന വ്യൂഹത്തിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് കേന്ദ്രവും മമതയും തമ്മിലെ പോര് ശക്‌തമായത്. ആക്രമണത്തെ തുടര്‍ന്ന് മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയക്കണമെന്ന് പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിട്ടയക്കാനാവില്ലെന്ന് ആയിരുന്നു മമതയുടെ നിലപാട്.
Read Also: ‘മന്‍ കി ബാത്തി’ന്റെ സംപ്രേഷണം നടക്കുമ്പോള്‍ പാത്രങ്ങള്‍ മുട്ടണമെന്ന് ജനങ്ങളോട് കര്‍ഷകര്‍
മാത്രവുമല്ല നഡ്ഡയുടെ നേരെയുണ്ടായ ആക്രമണം കേന്ദ്രം അറിഞ്ഞുകൊണ്ടുള്ള നാടകമാണ് എന്നും മമത പറഞ്ഞിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് അടുത്തതോടെ വിജയം നേടാനുള്ള ബിജെപിയുടെ തന്ത്രമാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂല്‍ മന്ത്രി സുബ്രത മുഖര്‍ജിയും പ്രതികരിച്ചിരുന്നു.
ഡയമണ്ട് ഹാര്‍ബര്‍ എസ്‌പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡിഐജി പ്രവീണ്‍ ത്രിപാഠി, സൗത്ത് ബംഗാള്‍ എഡിജിപി രാജീവ് മിശ്ര എന്നീ മൂന്ന് ഐപിഎസ് ഉദ്യോഗസ്‌ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിച്ചത്. വാഹാന വ്യൂഹത്തിന് നേരെ ആക്രമണം നടന്നപ്പോള്‍ ഇവര്‍ക്കായിരുന്നു സുരക്ഷാ ചുമതല ഉണ്ടായിരുന്നത്. എന്നാല്‍ സംസ്‌ഥാനത്ത് ഐപിഎസ് ഉദ്യോഗസ്‌ഥരുടെ കുറവുണ്ടെന്നും അതിനാല്‍ അവരെ തിരിച്ചയക്കില്ലെന്നും കാണിച്ചാണ് മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചത്.
Read Also: വാക്‌സിനേഷന് ശേഷം പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ