ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ ‘മന്‍ കി ബാത്തി’നെ നിഷ് പ്രഭമാക്കാന്‍ പാത്രങ്ങള്‍ മുട്ടണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ച് വിവിധ കര്‍ഷക യൂണിയന്‍ നേതാക്കള്‍. കോവിഡിനെ തുരത്താന്‍ പാത്രങ്ങള്‍ തട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട അതേ രീതിയില്‍ പരിപാടി സംപ്രേഷണം ചെയ്യുന്ന മുഴുവന്‍ സമയത്തും പാത്രങ്ങള്‍ പരസ്‌പരം കൂട്ടിമുട്ടണമെന്ന് നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
‘ഡിസംബര്‍ 27ന് പ്രധാനമന്ത്രി മാന്‍ കി ബാത്തില്‍ സംസാരിക്കും. കൊറോണക്കെതിരെ പാത്രങ്ങള്‍ തട്ടാന്‍ പ്രധാനമന്ത്രി രാജ്യത്തോട് ആവശ്യപ്പെട്ട അതേ രീതിയില്‍, പരിപാടിയില്‍ ഉടനീളം നിങ്ങളുടെ വീടുകളില്‍ പാത്രങ്ങള്‍ തട്ടാന്‍ ഞങ്ങള്‍ രാജ്യത്തോട് മുഴുവന്‍ അഭ്യര്‍ഥിക്കുന്നു,’ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗ്ജിത് സിംഗ് ദാലേവാല പറഞ്ഞു.
കോവിഡിനെ നേരിടുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് നന്ദി സൂചകമായി അവരവരുടെ വീടുകളുടെ ബാല്‍ക്കണിയില്‍ വന്ന് കൈയ്യടിക്കുകയും പാത്രങ്ങള്‍ മുട്ടുകയും ചെയ്യണമെന്ന് മാര്‍ച്ചില്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ സമരത്തിന് പിന്തുണ തേടി രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് കര്‍ഷക നേതാക്കള്‍ കത്തയക്കുകയും ചെയ്‌തിട്ടുണ്ട്.
Read Also: അമിത് ഷാ, നിങ്ങൾ പറഞ്ഞ ഏഴു കാര്യങ്ങളും പച്ചക്കള്ളം; തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍