തിരുവനന്തപുരം: പിഎസ്‍സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എച്ച് സലാമിന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് പട്ടിക ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
നിലവിലുള്ള വ്യവസ്‌ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ചിരട്ടി വരെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്‍സി റാങ്ക് ലിസ്‌റ്റുകൾ തയ്യാറാക്കുന്നത്. റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടില്ല. ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ, ഉദ്യോഗാർഥികൾക്ക് അനാവശ്യ പ്രതീക്ഷ നൽകുന്ന സ്‌ഥിതിയുണ്ടാവില്ല.
ജസ്‌റ്റിസ് ദിനേശൻ കമ്മീഷന്റെ ശുപാർശ അനുസരിച്ചാകും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുക. ഒഴിവുകളേക്കാൾ വളരെയധികം പേരെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് അനഭിലഷണീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി സിഇഒയുടെ ഇടക്കാല ജാമ്യം റദ്ദാക്കി