കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത കമ്പനി സിഇഒ റീനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി. ഇഡി നൽകിയ ഹരജിയിലാണ് എറണാകുളം സെഷൻസ് കോടതിയുടെ നടപടി.
നിക്ഷേപകരെ വഞ്ചിച്ചു തട്ടിയ 1600 കോടി രൂപ എവിടേക്ക് മാറ്റി എന്നത് അറിയാൻ പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം എന്നായിരുന്നു ഇഡിയുടെ ആവശ്യം. പ്രതികൾ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ റിനു മറിയം, പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ എന്നിവരെ ഈ മാസം 18വരെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടു. ചൊവ്വാഴ്‌ചയാണ് റീനു മറിയത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്‌ചയായിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളെ ഇഡി അറസ്‌റ്റ് ചെയ്‌തത്. റോയ് തോമസ് ഡാനിയേല്‍, റീനു മറിയം തോമസ് എന്നിവരെ കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് നടപടിയിലേക്ക് കടന്നത്. നിലവിൽ കേസിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇഡിയും മാസങ്ങളായി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു. പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്‌ട്രോണിക് തെളിവുകളും ഇഡി വിശദമായി പരിശോധിച്ചിരുന്നു.
1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് ആരോപണം. 20,000ത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്.
Most Read: രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെടരുത്; ട്വിറ്ററിനോട് രാഹുൽ ഗാന്ധി