തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിന് ശേഷം ഇടതുമുന്നണിയുമായി ഇടഞ്ഞ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തി. ഇന്ന് ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്നും ചെറിയാൻ ഫിലിപ്പ് അഞ്ച് രൂപ നൽകി അംഗത്വം സ്വീകരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, പിടി തോമസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനം.
ചെറിയാൻ ഫിലിപ്പിനെ രണ്ട് കയ്യും നീട്ടി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി സ്വീകരണ ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ചെറിയാനൊരു റോൾ മോഡലാണ്. സിപിഎമ്മിലേക്ക് പോകുന്നവർക്ക് പാഠപുസ്‌തകമാണ് ചെറിയാനെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ചെറിയ പരിഭവങ്ങളുടെ പേരിൽ മാറി നിൽക്കുന്നവരെ കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും നിരവധി ആളുകൾ ഇനിയും വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചെറിയാന് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ രക്ഷകർതൃത്വമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പതിറ്റാണ്ടു കാലം വിശ്വസ്‌തനായി നിന്ന ചെറിയാനെ ഇത്ര പെട്ടെന്ന് തള്ളിപ്പറയാൻ എങ്ങനെ പിണറായിക്ക് സാധിക്കുന്നൂവെന്നും ചെന്നിത്തല ചോദിച്ചു.
Most Read: കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; വനിതാ കമ്മീഷൻ കേസെടുത്തു