കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി 7,000 കോടി രൂപയുടെ പഞ്ചവൽസര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
2021-26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് വയനാട് പാക്കേജിലുള്ളത്. കാര്‍ഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്.
അടിസ്‌ഥാന സൗകര്യ വികസനവും തൊഴില്‍ സംരംഭങ്ങളുമെല്ലാം പാക്കേജില്‍ വിഭാവനം ചെയ്യുന്നുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന്റെ ഡിപിആര്‍ പ്രകാശനവും മുഖ്യമന്ത്രി ചടങ്ങിൽ നിര്‍വഹിച്ചു. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ചടങ്ങില്‍ അധ്യക്ഷനായി.
ജില്ലയുടെ മുഖ്യ കാര്‍ഷിക വിളയായ കാപ്പിയുടെ വിപണനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള വയനാട് കോഫി സംഭരണ ഉൽഘാടനവും കുടുംബശ്രീ കിയോസ്‌ക്ക് കൈമാറലും മന്ത്രി ഇപി ജയരാജന്‍ നിര്‍വഹിച്ചു.
കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പിയെന്ന നിലയില്‍ വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്‌ത് വിപണി കണ്ടെത്തി കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ബ്രഹ്‌മഗിരി വയനാട് കോഫി വഴിയാണ് ആദ്യഘട്ടത്തില്‍ സംഭരണവും വിപണനവും നടത്തുന്നത്.