ഹൈക്കോടതി വിധിയിൽ അമിതാവേശം ഇല്ല; നിരാശ മറ്റ് ചിലർക്ക്; മുഖ്യമന്ത്രി

By News Desk, Malabar News
cm-pinarayi-vijayan-about-high-court-stay
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ലൈഫ്‌മിഷൻ ക്രമക്കേട് സംബന്ധിച്ച സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ നൽകിയത് ദുഷ്‌പ്രചരണം നടത്തിയവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി തകർക്കാനുള്ള പ്രവർത്തനം ആരിൽ നിന്നും ഉണ്ടാകരുതെന്നും അത് ജനങ്ങൾക്കെതിരായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതി വിധിയിൽ അഹങ്കാരമോ അമിത ആവേശമോ ഇല്ലെന്നും എന്നാൽ, നിരാശ ഉണ്ടാക്കിയത് മറ്റ് ചിലത് ആഗ്രഹിച്ച് നടന്നവർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും സുരേന്ദ്രന്റെയും പ്രതികരണം മുൻനിർത്തി മാദ്ധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ലൈഫ് പദ്ധതി ഈ നാട്ടിലെ സാധാരണ ജനങ്ങൾക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണ്. അതിനെ ആരും തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കരുത്. വീടെന്ന സ്വപ്‌നം എത്ര പ്രധാനപ്പെട്ടതാണെന്ന് സ്വന്തമായി യാഥാർഥ്യമാകാൻ ശേഷിയില്ലാത്തവർക്കാണ് ബോധ്യപ്പെടുക. അത്തരം ആളുകൾക്ക് സൗജന്യമായി വീട് കിട്ടുകയാണ്. സ്വന്തമായി കഴിവില്ലാത്തവർക്ക് വീട് നൽകുന്ന പദ്ധതിയാണ് ലൈഫ് മിഷനിലൂടെ നടക്കുന്നത്’ – മുഖ്യമന്ത്രി പറയുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടു എന്ന് സെപ്റ്റംബർ 24 നാണ് സിബിഐ എഫ്‌ഐആർ രേഖപ്പെടുത്തിയത്. ഈ നടപടിയെ ഹൈക്കോടതി മുമ്പാകെ ലൈഫ് മിഷൻ ചോദ്യം ചെയ്‌തു. ഈ ഹരജിയിൽ രണ്ട് തവണ വാദം കേട്ട ശേഷമാണ്‌ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടത്. എഫ്ഐആറിനെ തുടർന്നുള്ള നടപടികൾക്ക് രണ്ട് മാസത്തെ സ്‌റ്റേ ഹൈക്കോടതി അനുവദിച്ചു. പൊതുമണ്ഡലങ്ങളിൽ അനാവശ്യ പ്രചാരണങ്ങളും ആരോപണങ്ങളും ഉന്നവയിച്ചവർക്ക് എതിരേയുള്ള മറുപടി നിയമവകുപ്പുകളെ വിശദമായി പ്രതിപാദിച്ച ഹൈക്കോടതി വിധിയിൽ അടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1983 മുതൽ 1987 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ സാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്ന പി.കെ വേലായുധന്റെ ഭാര്യ ഗിരിജക്ക് ലൈഫ് മിഷനിലൂടെ വീട് നൽകാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ നിർമിച്ച ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്ളാറ്റ് ആണ് അവർക്ക് ലഭിച്ചത്. മുൻസർക്കാരിന്റെ കാലത്ത് പല വാതിലുകളിലും മുട്ടിയ ഗിരിജ വളരെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയത്. മുൻ മുഖ്യമന്ത്രിക്ക് വരെ അപേക്ഷ നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ഇപ്പോൾ പട്ടികജാതി വർഗ ക്ഷേമ മന്ത്രി എ.കെ ബാലന് നൽകിയ അപേക്ഷയിലൂടെയാണ് അവരുടെ സ്വപ്‌നം യാഥാർഥ്യമായത്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related News: ലൈഫ് മിഷന്‍; സര്‍ക്കാരിന് ആശ്വാസം; സിബിഐ അന്വേണത്തിന് ഇടക്കാല സ്‌റ്റേ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE