കോഴിക്കോട്: ലക്ഷദ്വീപിലെ കോളേജുകൾ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവകലാശാലക്ക് കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകൾ കൈമാറാൻ ലക്ഷദ്വീപ് ഉന്നതവിഭ്യാഭ്യാസ ഉദ്യോഗസ്‌ഥർ കാലിക്കറ്റ് സർവകലാശാലയോട് ആവശ്യപ്പെട്ടു.
അടുത്ത മാർച്ച് മുതൽ പൂർണമായും കോഴ്‌സുകൾ പോണ്ടിച്ചേരി സർവകലാശാലയുടെ കീഴിലാകും. 18 വർഷമായി കാലിക്കറ്റ് സർവകലാശാലയാണ് ലക്ഷദ്വീപിലെ കോഴ്‌സുകൾ നടത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള ഒരു ഉത്തരവാണ് ഇപ്പോള്‍ കാലിക്കറ്റ് സർവകലാശാലക്ക് ലഭിച്ചിരിക്കുന്നത്.
ഉത്തരവ് പ്രകാരം ലക്ഷദ്വീപിലെ എല്ലാ കോഴ്‌സുകളും ഇനി പോണ്ടിച്ചേരി സർവകലാശാലക്ക് ആയിരിക്കുമെന്നാണ്. കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ഫയലുകൾ കൈമാറാനാണ് സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാർച്ച് മുതൽ ലക്ഷദ്വീപിലെ എല്ലാ കോളേജുകളുടെയും നടത്തിപ്പ് പോണ്ടിച്ചേരി സർവകലാശാലക്ക് ആയിരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
അതേസമയം ഇപ്പോൾ 4 കോടിയോളം രൂപ പരീക്ഷ നടത്തിപ്പ് വകയിൽ ലക്ഷദ്വീപ് ഭരണകൂടം കാലിക്കറ്റ് സർവകലാശാലക്ക് നൽകാനുണ്ട്. അതിനാൽ തന്നെ ഈ ഫയലുകൾ തൽക്കാലം നൽകില്ല എന്ന തീരുമാനത്തിലാണ് കാലിക്കറ്റ് സർവകലാശാല. സിൻഡിക്കേറ്റ് ഇത് സംബന്ധിച്ച തീരുമാനം എടുത്തുവെന്നാണ് റിപ്പോർട്. കേരളവുമായിട്ടുള്ള ബന്ധം അറുത്തുമാറ്റുക എന്ന കൃത്യമായ ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ദ്വീപ് ഭരണകൂടത്തിന്റെ ഈ നീക്കമെന്ന് വേണം കരുതാൻ.
Read Also: ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും