കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ അറ്റൻഡർക്ക് എതിരെയാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞതായി മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണർ കെ സുദർശൻ അറിയിച്ചു. പ്രതി ഇപ്പോൾ ഒളിവിലാണ്. ശനിയാഴ്‌ച രാവിലെയാണ് സംഭവം നടന്നത്.
തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്കകം സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ പീഡനം ഉണ്ടായത്. ഐസിയുവിൽ യുവതിയെ കൊണ്ടുവന്നതിന് ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെ വന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്‌ഥിതി ഗുരുതരമായിരുന്നതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെ ആയിരുന്നു.
ഈ സമയത്ത് ശസ്‌ത്രക്രിയക്ക് ശേഷമുള്ള മയക്കത്തിൽ നിന്ന് പാതി ഉണർന്നിരിക്കവെയാണ് ആക്രമണം ഉണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് യുവതി പീഡനവിവരം ഭർത്താവിനോട് തുറന്ന് പറയുകയായിരുന്നു. പിന്നാലെ യുവതി നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുക്കുകയായിരുന്നു.
Most Read: ഭരണ-പ്രതിപക്ഷ പോരിൽ സമവായ നീക്കമില്ല; സഭ ഇന്നും സ്‌തംഭിച്ചേക്കും