മലപ്പുറം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. “പുറത്ത് വന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. ഞങ്ങള്‍ ഇതുവരെ പരാതി പിന്‍വലിച്ചിട്ടില്ല. പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടും ഇല്ല,”- ഫാത്തിമ വ്യക്‌തമാക്കി.
ഹരിത നേതാക്കൾക്ക് എതിരായ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ ഖേദപ്രകടനം നടത്തിയിരുന്നു. ‘ഹരിത’ നേതാക്കള്‍ക്ക് എതിരെയുള്ള പരാമര്‍ശം ദുരുദ്ദേശത്തോടെയല്ലെന്നും ‘എങ്കിലും’ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും ആയിരുന്നു എംഎസ്എഫ് നേതാക്കൾ പറഞ്ഞത്. മുസ്‌ലിം ലീഗ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് എംഎസ്എഫ് നേതാക്കൾ ഖേദപ്രകടനം നടത്തിയത് അറിയിച്ചത്.
എംഎസ്എഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിൽ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്നും ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കുമെന്നും പറഞ്ഞ മുസ്‌ലിം ലീഗ് ‘ഹരിത’ ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നും അറിയിച്ചിരുന്നു.
ഹരിത നേതാക്കൾ എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് എംകെ മുനീർ എംഎൽഎയും പറഞ്ഞിരുന്നു. ഹരിതയുമായി കൂടിയാലോചിച്ച ശേഷമാണ് ലീഗ് നേതൃത്വം തീരുമാനമെടുത്തത് എന്നായിരുന്നു എംകെ മുനീർ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ‘ഹരിത’യുടെ നിലപാട് വ്യക്‌തമാക്കി ഫാത്തിമ തഹ്‌ലിയ രംഗത്ത് വന്നത്.
Most Read: കോവിഡ് വ്യാപനം തുടരുന്നു; സർക്കാരിന് വിൽപന തിരക്കെന്ന് രാഹുൽ