ന്യൂഡെൽഹി: രാജ്യത്ത് സിനിമാ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ. സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചാൽ മൂന്ന് വർഷംവരെ തടവുശിക്ഷയും മൂന്നു ലക്ഷം രൂപ വരെ പിഴയും ഈടാക്കാനാണ് കരടിൽ വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ പ്രായത്തിന് അനുസരിച്ച് സെൻസറിംഗ് ഏർപ്പെടുത്താനും കരടിൽ വ്യവസ്‌ഥ ചെയ്യുന്നുണ്ട്.
1952ലെ സിനിമാട്ടോഗ്രാഫ് ആക്‌ടിലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. ഈ നിയമപ്രകാരം ‘യു’ സർട്ടിഫിക്കറ്റ് ലഭ്യമായാൽ അത് പ്രായവ്യത്യാസം ഇല്ലാതെ സകലർക്കും കാണാൻ യോഗ്യമായത്, ‘എ’ സർട്ടിഫിക്കറ്റ് അനുമതിയാണ് ലഭിക്കുന്നതെങ്കിൽ അത് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്നത് എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
1983 ലെ മറ്റൊരു ഭേദഗതിവഴി ‘UA’ പന്ത്രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷാകർതൃ മാർഗ നിർദ്ദേശത്തിന് വിധേയമായി മാത്രം കാണാവുന്നത് എന്നൊരു കാറ്റഗറിയും ‘S’ എന്ന മറ്റൊരു കാറ്റഗറിയും ഉൾപ്പെടുത്തി.
‘S’ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് സവിശേഷ വിഭാഗങ്ങൾക്ക് കാണാനുള്ള സിനിമകളാണ്. അതായത് ശാസ്‌ത്രജ്‌ഞൻമാർ, ഡോക്‌ടേഴ്‌സ്, സൈനിക ഉദ്യോഗസ്‌ഥർ എന്നിങ്ങനെയുള്ളവർക്ക് മാത്രമായി പരിമിതപ്പെട്ട സിനിമകൾ ആയിരിക്കും എന്നർഥം. എന്നാൽ, U/A 7+, U/A 13+, U/A 16+ എന്നീ ഉപവിഭാഗങ്ങൾ കൂടി സെൻസറിങ്ങിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി ഡ്രാഫ്റ്റ് ബില്ലിൽ പറയുന്നു.
ഉടനെ പ്രാബല്യത്തിൽ കൊണ്ടുവരാനുദ്ദേശിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള സിനിമാട്ടോഗ്രാഫ് ‘ഭേദഗതി 2021′ പ്രകാരമുള്ള മറ്റൊരു കൂട്ടിച്ചേർക്കൽ അനുസരിച്ച്, സിനിമക്ക് സെന്‍സര്‍ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ഏതെങ്കിലും തരത്തിൽ തലവേദന സൃഷ്‌ടിക്കുന്ന ‘ആവിഷ്‌ക്കാര‘ സിനിമയാണങ്കിൽ വീണ്ടും പരിശോധിക്കാനും കത്രികവെപ്പിക്കാനോ നിരോധിക്കാനോ കേന്ദ്രത്തിന് അധികാരം ലഭിക്കാവുന്ന വകുപ്പ്!.
സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം പുനഃപരിശോധിക്കാനുള്ള കേന്ദ്രസർക്കാരിന്റെ അധികാരം തടഞ്ഞു കൊണ്ട് നേരത്തെ കർണാടക ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ തീരുമാനത്തെ ചോദ്യംചെയ്‌ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയും, പരമോന്നത നീതിപീഠം പക്ഷേ, കേന്ദ്രപ്രതീക്ഷക്ക് വിരുദ്ധമായി കർണാടക ഹൈകോടതി വിധിയെ കൂടുതൽ വ്യക്‌തതയോടെ ശരിവെക്കുകയുമാണ് ചെയ്‌തത്.
പ്രത്യക്ഷത്തിൽ സിനിമക്ക് ഗുണകരമെന്ന് തോന്നുന്ന പുതിയ ഡ്രാഫ്‌റ്റ് ബിൽ, സുപ്രീംകോടതി ശരിവച്ച കർണാടക ഹൈകോടതിയുടെ വിധിയെ മറികടന്ന് നിലവിലുള്ള പരിമിതമായ ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൽ‘ പിടിമുറുക്കി കൂടുതൽ പരിമിതപ്പെടുത്താനാണ് എന്ന ആക്ഷേപം ഉയർത്തുന്നുണ്ട്. കരട് ബില്ലിൻമേൽ കേന്ദ്രസർക്കാർ നിലവിൽ സിനിമാ സ്‌നേഹികളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടിയിട്ടുണ്ട്.

ഇവിടെ Cinematograph Amendment Bill 2021 പുതുതായി വരാനിരിക്കുന്ന മാറ്റങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ളീഷ് ഭാഷയിലുള്ള ഈ ഡ്രാഫ്‌റ്റ് വായിച്ചുനോക്കുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2021 ജൂലൈ രണ്ടാം തീയതിക്കുള്ളിൽ സമർപ്പിക്കുകയും വേണം.
വാര്‍ത്താ വിതരണ പ്രക്ഷേപ മന്ത്രാലത്തിലെ ഡയറക്‌ടർ ധൻപ്രീത് കൗർ ഐപിഎസിനാണ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. ഇനിപറയുന്ന ഇവരുടെ ഇ-മെയിൽ ഐഡിയിലാണ് ജൂലൈ 2ന് മുൻപ് പ്രതികരണങ്ങൾ അറിയിക്കേണ്ടത്. Dhanpreet.kaur@ips.gov.in
Read also : നിറം മാറാനൊരുങ്ങി കെഎസ്‌ആർടിസി; ഒപ്പം റൂട്ട് നമ്പറിങ്ങും; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ