മലപ്പുറം: ഒക്‌ടോബർ 9ന് ശനിയാഴ്‌ച രാവിലെ പത്ത് മുതല്‍ ഒരുമണിവരെ മലപ്പുറം ‘റൂബി ലോഞ്ച്’ ഓഡിറ്റോറിയത്തിൽ ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷമാക്കി ‘ടേബിൾ ടോക്’ സംഘടിപ്പിക്കുന്നു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പാണ് ചർച്ചക്ക് നേതൃത്വം കൊടുക്കുന്നത്.
‘വികസന വിവേചനത്തിന് മലപ്പുറത്തിന്റെ തിരുത്ത്‘ എന്ന ശീർഷകത്തിലാണ് ‘ടേബിൾ ടോക്’ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യ-പ്രവാസ-തൊഴില്‍-സാമ്പത്തിക മേഖലകളില്‍ ജില്ല കൈവരിക്കേണ്ടതും അടിയന്തരമായി നടപ്പാക്കേണ്ടതുമായ കാര്യങ്ങളാണ് പ്രധാനമായും ‘ടേബിൾ ടോക്’ ചർച്ചക്ക് എടുക്കുന്നത്.
‘ജില്ലയുടെ വികസന മുന്നേറ്റത്തിലേക്കുള്ള ഒരു ചെറുചുവട് വെയ്‌പ്പാണ് ഈ ടേബിൾ ടോക്. സര്‍ക്കാര്‍ പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ സാമൂഹ്യ സംഘടനകൾ, മാദ്ധ്യമ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്‌ഥാപന അധികാരികൾ, വ്യാപാര വാണിജ്യ പ്രമുഖർ തുടങ്ങിയ സംവിധാനങ്ങളെ കോര്‍ത്തിണക്കിയാണ് വികസന മുന്നേറ്റത്തിനുള്ള ശ്രമങ്ങൾക്ക് കേരള മുസ്‌ലിം ജമാഅത്ത് തുടക്കം കുറിക്കുന്നത്‘ – ഭാരവാഹികൾ വിശദീകരിച്ചു.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നായ മലപ്പുറം ജില്ലയിൽ കുടിവെള്ളം, ആരോഗ്യപരിപാലന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ മുതൽ റോഡ് വരെയുള്ള ഒട്ടനവധി അടിസ്‌ഥാന വിഷയങ്ങളിൽ സ്‌ഥിതി ദയനീയമാണ്. ഇതിനെ മറികടക്കാൻ ആവശ്യമായ മുന്നേറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അതിനാവശ്യമായ കാഴ്‌ചപ്പാടുകളും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിനാണ് ‘ടേബിൾ ടോക്’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്; സംഘാടകർ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ഈ ചെറുജില്ലയിൽ ഏകദേശം 60 ലക്ഷത്തോളം ജനത വസിക്കുന്നുണ്ട്. ആകെ 3550 ചതുരശ്ര കിലോമീറ്ററുള്ള ജില്ലയിലാണ് കേരളത്തിലെ ആകെ ജനസംഖ്യയുടെ ഏഴിലൊന്ന് അധിവസിക്കുന്നത്. അതിൽ തന്നെ, 75 ശതമാനത്തിലധികവും ഗൾഫിനെ ആശ്രയിച്ചാണ് കഴിയുന്നത്. ജനസംഖ്യ കൊണ്ട് ആദ്യ സ്‌ഥാനത്തും വിസ്‌തൃതി കൊണ്ട് മൂന്നാം സ്‌ഥാനത്തുമുള്ള ജില്ലയുടെ അടിസ്‌ഥാന വികസനം ദയനീയമാണ്. ഈ യാഥാർഥ്യങ്ങൾ മനസിലാക്കി നമ്മുടെ ജില്ലയുടെ വികസനത്തിന് വേണ്ടി നമ്മൾ തന്നെ പരിശ്രമിക്കേണ്ടതുണ്ട്. അധികാരികളുടെ കണ്ണുകൾ തുറപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്; പിഎം മുസ്‌തഫ കോഡൂര്‍ വിശദീകരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പോരായ്‌മകൾ വേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്. ആയിരകണക്കിന് വിദ്യാർഥികളാണ് സ്വന്തം ജില്ലയിൽ ഉപരിപഠന സീറ്റില്ലാത്തതിനാൽ പഠനം അവസാനിപ്പിക്കുകയോ മറ്റു സംസ്‌ഥാനങ്ങളിലേക്കും ജില്ലകളിലേക്കും ചേക്കേറുകയോ ചെയ്യുന്നത്. ഇവരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. ഇത്തരത്തിലുള്ള വേദനകളും ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ചർച്ച ഏറെ അനിവാര്യമാകുകയാണ്; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു.
‘ടേബിൾ ടോക്’ ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ എംഎല്‍എമാരെയും നേരിൽ കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ജില്ലാകളക്‌ടർ, മറ്റ് ഉദ്യോഗസ്‌ഥ പ്രമുഖർ, ജില്ലാ പഞ്ചായത്ത് മേധാവികള്‍ ഉള്‍പ്പെടെയുള്ള അധികാരികളെ സമീപിച്ചു ജില്ലക്ക് ആവശ്യമായ വികസനരേഖ സമര്‍പ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്‌തിട്ടുണ്ട്. ശേഷമാണ് എല്ലാവരെയും ഒരുമിച്ചുകൂട്ടി വികസനചര്‍ച്ചക്ക് കേരള മുസ്‌ലിം ജമാഅത്ത് മുന്‍കൈ എടുക്കുന്നത്; സംഘാടകർ വ്യക്‌തമാക്കി.
പരിപാടിയിൽ സാമൂഹ്യ, സംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഇതു സംബന്ധമായി ചേർന്ന ക്യാബിനറ്റ് യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു.
പിഎം മുസ്‌തഫ കോഡൂര്‍, എംഎന്‍ കുഞ്ഞഹമദ് ഹാജി, സയ്യിദ് കെകെഎസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി മോങ്ങം, പിഎസ്‌കെ ദാരിമി എടയൂര്‍, യൂസുഫ് ബാഖവി മാറഞ്ചേരി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, പികെഎം ബശീര്‍ പടിക്കല്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ വേങ്ങര എന്നിവർ സംബന്ധിച്ചു.
Most Read: ‘ഞാൻ സ്വീകരിച്ചത് ഇന്ത്യയുടെ വാക്‌സിൻ’; യുഎൻ ജനറൽ അസംബ്‌ളി പ്രസിഡണ്ട്