വാഷിങ്ടൺ: ഇന്ത്യയിൽ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ ഡോസുകളാണ് താൻ സ്വീകരിച്ചതെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന ജനറൽ അസംബ്‌ളിയുടെ 76ആമത് സെഷൻ പ്രസിഡണ്ട് അബ്‌ദുള്ള ഷാഹിദ്.
‘ഞാൻ ഇന്ത്യയുടെ കോവിഷീൽഡ് വാക്‌സിനാണ് എടുത്തത്. രണ്ട് ഡോസുകളും സ്വീകരിച്ചു. കോവിഷീൽഡ് സ്വീകാര്യമാണെന്ന് എത്ര രാജ്യങ്ങൾ അംഗീകരിക്കുമെന്ന് എനിക്കറിയില്ല. എന്നാൽ, വലിയൊരു വിഭാഗം രാജ്യങ്ങളും ഉപയോഗിക്കുന്നത് കോവിഷീൽഡ് വാക്‌സിനാണ്’; വാഷിങ്‌ടണിൽ നടന്ന തന്റെ ആദ്യത്തെ പത്രസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു ഷാഹിദ്. കോവിഡ് വാക്‌സിന് എന്തെങ്കിലും പ്രത്യേക പരിഗണനയോ അംഗീകാരമോ ആവശ്യമാണോ അതോ ലോകാരോഗ്യ സംഘടനയുടെ സാധൂകരണം മതിയോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിലായിരുന്നു പ്രസിഡണ്ടിന്റെ മറുപടി.
കോവിഷീൽഡ് വാക്‌സിൻ ഉപയോഗിച്ച് താൻ വൈറസിനെ അതിജീവിച്ചുവെന്നും മറ്റ് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകേണ്ടത് ആരോഗ്യ വിദഗ്‌ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ്- സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്‌ട്രാസെനക്ക വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിൻ പൂനെ ആസ്‌ഥാനമായുള്ള സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ നിർമിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതിയുടെ ഭാഗമായി നൂറോളം രാജ്യങ്ങളിലേക്ക് ഏകദേശം 66 മില്യൺ വാക്‌സിൻ ഡോസുകളാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. ഷാഹിദിന്റെ ജൻമനാടായ മാലദ്വീപും ഇന്ത്യയുടെ വാക്‌സിൻ ലഭിച്ച ആദ്യ രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
ആദ്യഘട്ടത്തിൽ ഒരു ലക്ഷം കോവിഷീൽഡ് ഡോസുകളാണ് മാലദ്വീപിന് ലഭിച്ചത്. ആകെ 3.12 ലക്ഷം ഡോസ് ഇന്ത്യ ഇവിടേക്ക് കയറ്റുമതി ചെയ്‌തിരുന്നു. അതേസമയം, ആഗോള കോവിഡ് പ്രതിരോധ കുത്തിവെപ്പ് വിലയിരുത്താനായി 2022 ജനുവരിയിൽ ജനറൽ അസംബ്‌ളിയുടെ ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്ന് അബ്‌ദുള്ള ഷാഹിദ് അറിയിച്ചു. ലോകരാജ്യങ്ങളിൽ നിന്നും വാക്‌സിൻ നിർമാതാക്കളിൽ നിന്നും അനുകൂല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 2022 അവസാനത്തോടെ ലോകമെമ്പാടും പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
Also Read: ഇന്ത്യ-ചൈന അതിർത്തി സംഘർഷം; സ്‌ഥിതി ശാന്തമെന്ന് കരസേനാ മേധാവി