തിരുവനന്തപുരം: കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ലെന്ന് കെ മുരളീധരന്‍. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് പറഞ്ഞ മുരളീധരന്‍ തുടര്‍ഭരണം ലഭിച്ചപ്പോള്‍ സിപിഐഎമ്മിന് അഹങ്കാരമായെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരായി കേന്ദ്രീകരിക്കാന്‍ ഉണ്ടായ കാരണവും പരമ്പരാഗത വോട്ടുകള്‍ നഷ്‌ടപ്പെട്ട സാഹചര്യവും വിശദമായി പരിശോധിക്കും. വീഴ്‌ചകള്‍ തിരുത്തി മുന്നോട്ടുപോകും; മുരളീധരൻ വ്യക്‌തമാക്കി. ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം തുടര്‍ഭരണം ലഭിച്ചപ്പോള്‍ സിപിഐഎമ്മിന് അഹങ്കാരമായെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് വിഷമമാണെന്നും പറഞ്ഞു. ബിജെപിക്ക് വോട്ട് കുറയാന്‍ കാരണം ഭൂരിപക്ഷം വോട്ടും എല്‍ഡിഎഫിന് പോയതാണെന്നും മുരളീധരൻ ആരോപിച്ചു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചതെന്ന് ഓര്‍ക്കണമെന്നും മുരളീധരൻ പറഞ്ഞു.
നേമത്ത് ബിജെപിക്കും സിപിഐഎമ്മിനും വോട്ട് കുറഞ്ഞിട്ടുണ്ട്. വൽസന്‍ തില്ലങ്കേരിയെ പോലുള്ള ആര്‍എസ്എസ് നേതാക്കളെ ഇടനിലക്കാരാക്കി എൽഡിഎഫ് ഡീല്‍ ഉണ്ടാക്കി; കെ മുരളീധരന്‍ ആരോപിച്ചു.
കൂടാതെ എന്‍എസ്എസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കെ മുരളീധരന്‍ പ്രതികരിച്ചു. സമുദായ സംഘടനകള്‍ വിമര്‍ശിക്കുന്നത് സ്വാഭാവികമെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. എന്നാൽ വിമര്‍ശിക്കുന്നവരെയെല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അത് നല്ലതിനല്ലെന്നും കെ മുരളീധരന്‍ കെപിസിസി ആസ്‌ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read Also: ഇന്ദിരാ സാഹ്‌നി കേസ് പുനഃപരിശോധിക്കില്ല; സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീം കോടതി