ന്യൂഡെൽഹി: മറാഠാ സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സംവരണം ഏർപ്പെടുത്തിയ മഹാരാഷ്‌ട്ര സർക്കാർ നടപടി കോടതി റദ്ദാക്കി. ജസ്‌റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. സംവരണം 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി.
സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളിൽ ആവരുതെന്ന് കോടതി വ്യക്‌തമാക്കി. ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്‌ഠമായാണ് തീരുമാനിച്ചത്. മറാഠാ സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുകയാണ് എങ്കിൽ മഹാരാഷ്‌ട്രയിൽ സംവരണം 65 ശതമാനമായി ഉയരുമെന്നും ജസ്‌റ്റിസ് അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി.
തൊഴിലിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സംവരണം നൽകാൻ 2017 നവംബറിൽ മഹാരാഷ്‌ട്ര നിയമസഭ പാസാക്കിയ നിയമം ചോദ്യം ചെയ്‌തുള്ള ഹരജികളിലാണ് കോടതി വിധി പ്രസ്‌താവിച്ചത്.
Read also: പ്രത്യേക കോവിഡ് ആനുകൂല്യം; 50,000 കോടിയുടെ പദ്ധതികളുമായി റിസർവ് ബാങ്ക്