അഗര്‍ മാല്‍വ: സംസ്‌ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് ഒരു ചെറിയ തുക നികുതിയായി പിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഗോപാഷ്‌ടമി ദിനമായ ഞായറാഴ്‌ച മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയില്‍ സലാരിയ പശു പരിപാലന കേന്ദ്രത്തില്‍ വെച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘പണ്ട് ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഭക്ഷണത്തിന്റെ ഒരു ഭാഗം പശുക്കള്‍ക്കും നായകള്‍ക്കുമായി ഞങ്ങള്‍ സൂക്ഷിക്കാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഈ പാരമ്പര്യം വിരളമായാണ് പിന്തുടരുന്നത്. അതിനാല്‍, പശുക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് ഒരു ചെറിയ തുക നികുതിയായി ശേഖരിക്കുന്നത് പരിഗണിക്കുന്നു’, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്‌തമാക്കി.
കൂടാതെ അംഗനവാടിയിലെ കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പശുക്കളെ സൂക്ഷിക്കുന്ന വീട് എല്ലായ്‌പ്പോഴും പോസിറ്റീവ് എനര്‍ജി നിറഞ്ഞതാണ്, ശില്‍പങ്ങളും മറ്റും ഇപ്പോള്‍ ചാണകത്തില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്നും അത് പരിസ്‌ഥിതി സൗഹൃദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാത്രവുമല്ല, മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ടായിരത്തോളം പുതിയ പശു അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നും അവയില്‍ ചിലത് എന്‍ജിഒകള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ‘മധ്യപ്രദേശില്‍ 7 മുതല്‍ 8 ലക്ഷം വരെ കന്നുകാലികളുണ്ട്. സംസ്‌ഥാന സര്‍ക്കാര്‍ ഇവക്കായി രണ്ടായിരത്തോളം പുതിയ പശു അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കും’, ചൗഹാന്‍ പറഞ്ഞു. പശുക്കളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ മന്ത്രി പരിഷത്ത് സമിതി രൂപീകരിക്കുമെന്ന് ഞായറാഴ്‌ച പശു കാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Read Also: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് പോലീസിനെ മാറ്റിനിർത്തണം; ബിജെപി നേതാവ്