ന്യൂഡെൽഹി: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്‌റംഗ്‌ദളിന്റെ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ യുപി പോലീസിന്റേതാണ് നടപടി. പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ പുതിയ വിവാദം.
ഐപിസി 505 പ്രകാരം സമൂഹത്തിൽ ശത്രുതയും വിദ്വേഷവും സൃഷ്‌ടിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ട്വിറ്റർ എംഡിക്കെതിരെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇതിനോടൊപ്പം തന്നെ ഐടി ആക്‌ടിന്റെ 74ആം വകുപ്പ് പ്രകാരം തെറ്റായ രേഖകൾ ഡിജിറ്റൽ സ്‌പേസിൽ പ്രചരിപ്പിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഈ രണ്ട് കുറ്റങ്ങളും ചേർത്താണ് നിലവിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ജമ്മു കശ്‌മീരിനെയും ലഡാക്കിനെയും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഭൂപടം ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. തിങ്കളാഴ്‌ച രാത്രിയാണ് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ തെറ്റായ ഭൂപടം മാറ്റിയത്. ഇത് രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപട വിവാദത്തിൽ പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമാക്കിയും ട്വിറ്റർ ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.
നേരത്തെ ഇന്ത്യയിലെ നിയമപരിരക്ഷ നഷ്‌ടമായതിനാൽ ഈ വിഷയത്തിൽ ട്വിറ്ററിന് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നേക്കും. പുതിയ ഐടി ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സാധാരണ സമൂഹ മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്ന നിയമപരിരക്ഷ ട്വിറ്ററിന് നൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിന് ശേഷം നിരവധി കേസുകൾ ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ ഉണ്ടായിരുന്നു. അടുത്ത കാലത്ത് കർണാടക ഹൈക്കോടതിയാണ് ട്വിറ്റർ എംഡിക്ക് അറസ്‌റ്റിൽ നിന്ന് സംരക്ഷണം നൽകിയത്.
എന്നാൽ, ഇപ്പോൾ വളരെ ഗുരുതരമായ ഒരു കുറ്റമാണ് ട്വിറ്റർ നേരിടുന്നത്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന തരത്തിൽ രാജ്യത്തിന്റെ ഭൂപടം തന്നെ മാറ്റിമറിച്ചു എന്നതാണ് ആരോപണം. സമാനമായ രീതിയിൽ നേരത്തെയും ട്വിറ്റർ ഈ തെറ്റ് ആവർത്തിച്ചതിനാൽ നടപടികൾ കടുപ്പിക്കുമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
Also Read: വാക്‌സിൻ വിരുദ്ധ ട്വീറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി പ്രശാന്ത് ഭൂഷൺ