‘ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല’; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ഇനിമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജില്ലാ അടിസ്‌ഥാനത്തിൽ പെർഫോമൻസ് ഓഡിറ്റ് ചെയ്യും. മാനദണ്ഡങ്ങൾ അടിസ്‌ഥാനമാക്കി ജില്ലകൾക്ക് റാങ്കിങ് ഏർപ്പെടുത്തും. എല്ലാ ജില്ലകളുടെയും പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ വിലയിരുത്തും.

By Trainee Reporter, Malabar News
Minister Veena George-
Ajwa Travels

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജനങ്ങൾ ഏറ്റവുമധികം പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതുകൊണ്ടുതന്നെ വകുപ്പിൽ അഴിമതി അനുവദിക്കില്ല. ഭക്ഷണത്തിൽ മായം ചേർക്കുന്നതിനേക്കാൾ കുറ്റകരമാണ് അഴിമതി. ആ പ്രവണത അംഗീകരിക്കാൻ കഴിയില്ല. തെറ്റായ നടപടി സ്വീകരിക്കാൻ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വകുപ്പിലെ അസിസ്‌റ്റന്റ്‌ കമ്മീഷണർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്‌ച പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്‌തമാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഇനിമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജില്ലാ അടിസ്‌ഥാനത്തിൽ പെർഫോമൻസ് ഓഡിറ്റ് ചെയ്യും. മാനദണ്ഡങ്ങൾ അടിസ്‌ഥാനമാക്കി ജില്ലകൾക്ക് റാങ്കിങ് ഏർപ്പെടുത്തും. എല്ലാ ജില്ലകളുടെയും പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ വിലയിരുത്തും. ജില്ലാതല അവലോകനവും സർക്കിൾതല അവലോകനവും നടത്തണമെന്നും മന്ത്രി അറിയിച്ചു. പരിശോധനകളുടെ തുടർനടപടികൾ സംസ്‌ഥാന തലത്തിൽ അവലോകന ചെയ്യുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൃത്യമായി ഓൺലൈനിൽ രജിസ്‌റ്റർ ചെയ്യണം. പ്രോസിക്യൂഷൻ നടപടികൾ വേഗത്തിലാക്കണം. ചെക്ക്പോസ്‌റ്റുകളിലെ പരിശോധനകൾ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹനസൗകര്യം ഉൾപ്പടെയുള്ള പിന്തുണ നൽകും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ ദീർഘകാല അവധി എടുത്ത് പോകാൻ പാടില്ലെന്നും, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വർഷം ഇതുവരെ ഭക്ഷ്യസുരക്ഷാ വകുപ്പ് 64,692 പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. 7,414 സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസ് നൽകി. 5,259 സ്‌ഥാപനങ്ങളിൽ നിന്നായി 1.83 കോടി രൂപ പിഴ ഈടാക്കി. 20,226 സർവൈലൻസ് സാമ്പിളും 6,389 സ്‌റ്റാ‌റ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചു. മൊബൈൽ ലാബ് വഴി 25,437 പരിശോധനകൾ നടത്തി. പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു വരുന്നു.

1,85,448 സ്‌ഥാപനങ്ങളുടെ രജിസ്‌ട്രേഷനും 35,992 സ്‌ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കി. 9,777 പരാതികൾ ലഭിച്ചതിൽ 9,615 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചു വരുന്നു. 955 സ്‌ഥാപനങ്ങൾക്ക്‌ ഹൈജീൻ റേറ്റിങ് നൽകി. 159 സ്‌ഥാപനങ്ങൾക്ക്‌ ഹൈജീൻ റേറ്റിങ് നൽകിയ കൊല്ലം ജില്ലയാണ് മുന്നിൽ. 396 ഭക്ഷ്യസുരക്ഷാ പരിശീലന പരിപാടികൾ നടത്തി. 17 ആരാധനാലയങ്ങളിൽ ഭോഗ് സർട്ടിഫിക്കേഷനായി ഫൈനൽ ഓഡിറ്റ് നടത്തി. 196 സന്നദ്ധ സംഘടനകൾ സേഫ് ഫുഡ് ഷെയർ ഫുഡ് പദ്ധതിയിൽ അംഗങ്ങൾ ആയെന്നും മന്ത്രി വിശദീകരിച്ചു.

476 സ്‌കൂളുകൾ സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂളിൽ അംഗങ്ങളായി. 85 മാതൃകാ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളായി. 19 ക്യാമ്പസുകൾ ഈറ്റ് റൈറ്റ് ക്യാമ്പസുകളായെന്നും ആരോഗ്യമന്ത്രി അറിയിച്ചു. യോഗത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഫുഡ് സേഫ്റ്റി കമ്മീഷണർ വീണാ മാധവൻ, ഡെപ്യൂട്ടി കമ്മീഷണർമാർ, ഡെപ്യൂട്ടി ഡയറക്‌ടർ, ചീഫ് ഗവ. അനലിസ്‌റ്റ് , എല്ലാ ജില്ലകളിലെയും അസിസ്‌റ്റന്റ്‌ കമ്മീഷണർമാർ എന്നിവർ പങ്കെടുത്തു.

Most Read: വാളയാർ കേസ്; റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE