രാജ്യത്തെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി: പരീക്ഷണ പദ്ധതി ഡിസംബര്‍ 1ന് ആരംഭിച്ചു

സാധാരണ കടലാസ് കറൻസി പോലെ വിനിമയം ചെയ്യാവുന്നതാണ് ഡിജിറ്റല്‍ കറന്‍സി അഥവാ 'ഇ-രൂപ'. പണമിടപാടുകൾ നടത്താം. സൂക്ഷിച്ചുവെക്കാം. ഡിജിറ്റൽ കറൻസി വരുമ്പോൾ നിലവിലുള്ള ഒരു കാര്യത്തിനും മാറ്റമുണ്ടാവില്ല. പണമിടപാടുകൾക്ക് മറ്റു സംവിധാനങ്ങൾക്കൊപ്പം ഡിജിറ്റൽ കറൻസിയും ആവശ്യമെങ്കിൽ ഉപയോഗിക്കാം എന്ന് മാത്രം.

By Central Desk, Malabar News
Country's official digital currency _ Pilot project to begin on December 1
Rep. Image

ന്യൂഡെൽഹി: പണമിടപാട് രീതികളിൽ വലിയ മാറ്റം കൊണ്ടുവരാൻ പോകുന്ന ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ഡിജിറ്റല്‍ രൂപ (ഇ–രൂപ) എത്തി. ഡിജിറ്റൽ ടോക്കൺ രൂപത്തിലുള്ള രൂപ പരീക്ഷണ ഘട്ടത്തിൽ സഹകരിക്കുന്ന 4 ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാമെന്ന് ആർബിഐ അറിയിച്ചു.

പരീക്ഷണ ഘട്ടമായി ആരംഭിച്ച ഡിജിറ്റല്‍ രൂപ നിലവിലുള്ള പണമിടപാടുകളെ ഇല്ലാതാക്കുന്നില്ല. ഡിജിറ്റൽ കറൻസി ഒരു അധിക ‘പണമിടപാട്’ സംവിധാനമായാണ് ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള കറൻസി ഘടനയെ സഹായിക്കുക മാത്രമാണു ഡിജിറ്റല്‍ രൂപ ചെയ്യുക. അതിനു ബദൽ മാർഗമായല്ല ഡിജിറ്റല്‍ രൂപ എത്തുന്നത്.

കാലം ആവശ്യപ്പെടുന്നത് അനുസരിച്ച് പൂർണമായ ഡിജിറ്റല്‍ രൂപയിലേക്ക് മാറേണ്ടി വരുന്ന കാലത്തേക്ക് മുൻകൂട്ടിയുള്ള ഒരു കാൽവെപ്പായാണ് ഡിജിറ്റല്‍ രൂപ (ഇ–രൂപ) യെ റിസർവ് ബാങ്ക് കാണുന്നത്. ഡിജിറ്റല്‍ കറന്‍സിയുടെ ആദ്യ പരീക്ഷണ പദ്ധതിയാണിത്. ഇ-രൂപ എന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നിയമപരമായ ഡിജിറ്റല്‍ കറന്‍സിയാണ്. അതിന്റെ ഇടപാടുകളും ആര്‍ബിഐ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരും.

ഈ ഡിജിറ്റല്‍ കറന്‍സിക്ക് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) എന്നാണ് പേരു നൽകിയിരിക്കുന്നത്. നിലവില്‍ കടലാസ് കറന്‍സിയും നാണയങ്ങളും പുറപ്പെടുവിക്കുന്ന അതേ മൂല്യത്തിലായിരിക്കും ഇത് പുറത്തിറക്കുക. ഇത് കറന്‍സി നോട്ടുകള്‍ പോലെ സാധുതയുള്ളതുമാണ്. എല്ലാ ഇടപാടുകള്‍ക്കും ഇത് ഉപയോഗിക്കാം. പരീക്ഷണഘട്ടത്തിലേക്ക് എട്ട് ബാങ്കുകളെയാണ് ആര്‍ബിഐ സെലക്റ്റ് ചെയ്‌തിരിക്കുന്നത്‌. എല്ലാ ബാങ്കുകളെയും ഉള്‍പ്പെടുത്തി പരീക്ഷണ പദ്ധതിയുടെ വ്യാപ്‍തി ക്രമേണ വര്‍ധിപ്പിക്കുമെന്നും ആര്‍ബിഐ പറഞ്ഞു.

മുംബൈ, ന്യൂഡല്‍ഹി, ബംഗളൂർ, ഭുവനേശ്വര്‍ എന്നിവിടങ്ങളിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‍സി ഫസ്‌റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്കാണ് പരീക്ഷണഘട്ടത്തിലെ ഡിജിറ്റല്‍ രൂപ (ഇ–രൂപ) ഉപയോഗിക്കാൻ സാധിക്കുക. പിന്നീട് അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ ഘട്ടത്തിൽ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലൂടെയും ‘ഇ–രൂപ’ ഉപയോഗിക്കാൻ സാധ്യമാകും.

ലോകത്താകമാനം കടലാസ് കറൻസിയുടെ പ്രാധാന്യം ദിനംപ്രതി കുറഞ്ഞു വരികയാണ്. പണം കൈമാറ്റത്തിന് ഇപ്പോൾ ECS, RTGS, NEF, IMPS, CTS, NACH, UPI എന്നിവയെല്ലാം നിലവിലുണ്ട്. ഇതിന്റെ ഒരു പുതുരൂപം മാത്രമായി ഡിജിറ്റൽ കറൻസിയെ കാണാവുന്നതാണ്.

രണ്ടു വിധത്തിലുള്ള ഡിജിറ്റൽ കറൻസികളാണ് റിസർവ് ബാങ്ക് മുന്നോട്ടുവെക്കുന്നത് ഒന്ന്, സാധാരണ ജനങ്ങളുടെ പൊതുവായ ആവശ്യത്തിനുള്ള ‘ഡിജിറ്റൽ കറൻസി റീറ്റെയ്ൽ (CBDC-R)’. മറ്റൊന്ന് തെരഞ്ഞെടുക്കപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ ആവശ്യത്തിനുള്ളത്. ഇതിനെ ഡിജിറ്റൽ കറൻസി ഹോൾസെയിൽ (CBDC-W) എന്നാണ് വിളിക്കുക. ഇതിൽ ‘ഡിജിറ്റൽ കറൻസി റീറ്റെയ്ൽ (CBDC-R)’ ന്റെ പരീക്ഷണ ഘട്ടമാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഓർക്കുക; ഇത് ക്രിപ്റ്റോ കറൻസിക്ക് പകരക്കാരനല്ല. കേന്ദ്ര ബാങ്കിന്റെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായ, പൂർണമായും ഔദ്യോഗികമായ സാമ്പത്തിക ഇടപാടാണ് ‘ഡിജിറ്റൽ കറൻസി റീറ്റെയ്ൽ (CBDC-R)’ എന്ന ഇ-രൂപ.

Most Read: ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE