പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടമക്ക് വിട്ടു കൊടുക്കാൻ കോടതി ഉത്തരവ്. നിയമലംഘനത്തിന് ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിന് പിന്നാലെയാണ് നടപടി. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹനവകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്.
പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പോലീസ് കസ്‌റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിന് കേടുപാട് ഉണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മോട്ടോർ വാഹനവകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം. പോലീസ് എംവിഡിക്ക് സുരക്ഷ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും, പിഴത്തുക അടച്ചതിന് ശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമ ബേബി ഗിരീഷ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് ഉണ്ടായ പശ്‌ചാത്തലത്തിൽ ബസ് വിട്ടുകിട്ടിയാൽ അടുത്തയാഴ്‌ച വീണ്ടും പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്നാണ് വിവരം.
അതേസമയം, റോബിൻ ബസ് ഉടമകളുടെ ഹരജിയിൽ ഹൈക്കോടതിയിൽ കേസ് നടപടികൾ തുടരുകയാണ്. അടുത്ത മാസം അഞ്ചിന് ഹരജി വീണ്ടും പരിഗണിക്കും. നേരത്തെ നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പ് റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയിരുന്നു. 2023ലെ ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Most Read| കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി