കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്‍പ് ലൈനിൽ ബന്ധപ്പെടാം

By News Bureau, Malabar News
disha helpline
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയ ദൂരീകരണത്തിന് ‘ദിശ ഹെല്‍പ് ലൈന്‍’ സജ്‌ജമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്.

ഇ-ഹെല്‍ത്ത് വഴി ദിശ ടീമിന് വിദഗ്‌ധ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്‌ടർമാരുടെയും ഒരു ഏകോപനമാണ് ‘ദിശ.

വിവിധ സേവനങ്ങള്‍ക്കായി 25 ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. 75 ദിശ കൗണ്‍സിലര്‍മാര്‍, 5 ഡോക്‌ടര്‍മാര്‍, 1 ഫ്‌ളോര്‍ മാനേജര്‍ എന്നിവരാണ് ഇതിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം 4000 കോളുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ദിശയ്‌ക്ക് സാധിക്കും; മന്ത്രി വ്യക്‌തമാക്കി.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ഈ കോവിഡ് കാലത്തും വലിയ സേവനങ്ങളാണ് ദിശ നല്‍കി വരുന്നത്. ടെലിമെഡിക്കല്‍ സഹായം നല്‍കുന്നതിന് ഓണ്‍ ഫ്‌ളോര്‍ ഡോക്‌ടര്‍മാരും ഓണ്‍ലൈന്‍ എംപാനല്‍ഡ് ഡോക്‌ടര്‍മാരും അടങ്ങുന്ന ഒരു മള്‍ട്ടിഡിസിപ്ളിനറി ടീം പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടാതെ മാനസികാരോഗ്യ സഹായം നല്‍കുന്നതിന് സൈക്യാട്രിസ്‌റ്റുകള്‍, സൈക്കോളജിസ്‌റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്. ഈ സേവനങ്ങള്‍ക്ക് പുറമേയാണ് കോവിഡ് മരണത്തിനുള്ള അപ്പീലിന്റെ ഹെല്‍പ് ലൈനായി ദിശയെ ചുമതലപ്പെടുത്തിയത്.

ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഐസിഎംആര്‍ പുറത്തിറക്കിയ, പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണ ലിസ്‌റ്റില്‍ ഇല്ലാത്തതും ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ നല്‍കാനാകും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പിഎച്ച്സി വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവര്‍ക്കുള്ള അപേക്ഷ ഫോം കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്. വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്‌ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതിക്കും (സിഡിഎസി) അയക്കുന്നു.

പുതിയ ഐസിഎംആര്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് സിഡിഎസി അംഗീകാരത്തിന് ശേഷം പുതിയ ഐസിഎംആര്‍ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴി നല്‍കിയ അപേക്ഷയുടെ സ്‌ഥിതിയറിയാനും സാധിക്കും.

ആരോഗ്യ വകുപ്പ് സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങള്‍ക്ക് ഡെത്ത് ഡിക്ളറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആ സര്‍ട്ടിഫിക്കറ്റ് മതിയാകും. ഡെത്ത് ഡിക്ളറേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളവര്‍ക്ക് മാത്രമാണ് ഐസിഎംആര്‍ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ സാധിക്കുക. ഇത് ആവശ്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് അധികൃതർ അറിയിച്ചു.

Most Read: സംസ്‌ഥാനത്ത് പ്രളയ സാധ്യതയില്ല; ദുരന്ത നിവാരണ അതോറിറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE