കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ

By Desk Reporter, Malabar News
VS Sunil Kumar

തിരുവനന്തപുരം: ലോകമാകെ പടർന്നു പിടിച്ചിട്ടും നിരവധി പേരുടെ ജീവൻ കവർന്നിട്ടും കോവിഡിനെ നിസാരമായി കാണുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ ഒന്ന് കേൾക്കുന്നത് നല്ലതാണ്. കോവിഡിന്റെ ഭീകരത ഇപ്പോഴും പലർക്കും മനസിലായിട്ടില്ല. പ്രത്യേകിച്ച് ഒരു തവണപോലും രോഗം വരാത്തവർക്ക്.

ശരീരം തുളച്ചു കയറിപ്പോകുന്ന വെടിയുണ്ട പോലെയാണു കോവിഡെന്ന് മന്ത്രി പറയുന്നു. “വെടിയുണ്ട ശരീരത്തിൽ നിന്നു പുറത്തു പോയിട്ടുണ്ടാവാം. പക്ഷേ, അതുണ്ടാക്കുന്ന മുറിവുകൾ ശരീരത്തിലുണ്ടാകും. ചിലപ്പോൾ ആ മുറിവ് മരണത്തിനു വരെ കാരണമായേക്കാം. ഭയപ്പെടുത്താനല്ല ഇതു പറയുന്നത്. പക്ഷേ, സൂക്ഷിച്ചേ പറ്റൂ. കോവിഡ് അല്ലേ, വന്നു പോട്ടെ എന്ന ചിന്ത പാടില്ല,”- തന്റെ അനുഭവത്തിൽ നിന്നാണിതു പറയുന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബറിൽ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എറണാകുളം ജില്ലയുടെ ചുമതല മന്ത്രി വിഎസ് സുനിൽ കുമാറിനായിരുന്നു. ഈ സമയത്താണ് മന്ത്രിക്ക് ആദ്യം കോവിഡ് ബാധിച്ചത്. രോഗത്തിനെതിരെ പരമാവധി ജാഗ്രത പുലർത്തിയിരുന്നതായി മന്ത്രി പറയുന്നു. എപ്പോഴും കയ്യുറയും മാസ്‌കും ധരിക്കുമായിരുന്നു. എന്നാൽ, പുറത്തിറങ്ങുമ്പോൾ കാണിച്ച ഈ ശ്രദ്ധ വീടിനകത്ത് കാണിച്ചില്ല.

വീട്ടിലെ ഗൺമാൻ തന്റെ ഔദ്യോഗിക ഫോൺ കൈകാര്യം ചെയ്‌തിരുന്നു. സ്വാഭാവികമായും താനും ആ ഫോൺ സ്‌പർശിക്കാൻ ഇടയാകും. ഗൺമാനു കോവിഡ് സ്‌ഥിരീകരിച്ചു, പിന്നാലെ തനിക്കും രോഗം വന്നു. ആന്റിജൻ പരിശോധനയിൽ രോഗം കണ്ടെത്താനായില്ല. പക്ഷേ, ആർടിപിസിആറിൽ സ്‌ഥിരീകരിച്ചു. കാര്യമായ ലക്ഷണം ഒന്നുമുണ്ടായിരുന്നില്ല. പണ്ടു മുതലേ ശ്വാസംമുട്ടലുണ്ട്. ഇൻഹേലർ ഉപയോഗിക്കുന്ന ആളാണ്. പോരാത്തതിനു പ്രമേഹവും രക്‌തസമ്മർദ്ദവും. അതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ തേടി. 10 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സുഖപ്പെട്ടു; മന്ത്രി തുടർന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്, പൂർണമായി രോഗ മുക്‌തനായി എന്നു പറയാനാവില്ലെന്നും കോവിഡ് മാറി എന്നു മാത്രമേ പറയാനാവൂ എന്നും മനസിലായത്. കോവിഡാനന്തര ദുരിതങ്ങൾ തുടങ്ങി. ആദ്യം ഉറക്കം നഷ്‌ടപ്പെട്ടു. അഞ്ചാറു ദിവസം ഒരുതരി പോലും ഉറങ്ങാൻ പറ്റിയില്ല. മന്ത്രി എന്ന നിലയിലുള്ള തിരക്കുകൾക്കൊപ്പം ഉറക്കവും ഇല്ലാതായതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്നു കരുതി. ഒപ്പം ശ്വാസം പൂർണമായി ഉള്ളിലേക്കെടുക്കാനുള്ള കഴിവും നഷ്‌ടമായിമായി, കാലിൽ നീരുകെട്ടി. ഇതോടെ അപകടം മണത്ത ഞാൻ വീണ്ടും അതേ മെഡിക്കൽ കോളേജിൽ ചികിൽസ തേടി. വീണ്ടും 10 ദിവസം ആശുപത്രി വാസം. ശ്വാസകോശത്തിന്റെ ഇലാസ്‌തികത കുറഞ്ഞിരിക്കുന്നു.സ്‌റ്റിറോയ്‌ഡ് ചികിൽസയെല്ലാം കഴിഞ്ഞു വീട്ടിലേക്കു മടങ്ങി. 15 ദിവസം ക്വാറന്റെയ്നിൽ കഴിഞ്ഞു; മന്ത്രി വിവരിച്ചു.

അലർജി ഉള്ളതിനാൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നില്ല. ഒരു തവണ കോവിഡ് കയറി ഇറങ്ങിയതിന്റെ ദുരിതം മറന്നു തുടങ്ങിയപ്പോഴേക്കും തിരഞ്ഞെടുപ്പ് എത്തി. വീണ്ടും നെട്ടോട്ടം. ആറാം തീയതി തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒരാഴ്‌ച കഴിഞ്ഞപ്പോൾ കഠിനമായ ക്ഷീണവും നെഞ്ചിൽ അണുബാധയും അനുഭവപ്പെട്ടു. ഇതിന് മരുന്നു കഴിച്ചു, വിശ്രമിച്ചു.

അപ്പോഴാണ് മകൻ നിരഞ്‌ജനു പനി വന്നത്. മണം കിട്ടുന്നില്ലെന്ന് അവൻ പറഞ്ഞു. അപ്പോഴാണു താനും ശ്രദ്ധിച്ചത്, കുളിക്കുമ്പോൾ സോപ്പിന്റെ മണം അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. അന്ന് വിഷു ആയിരുന്നു. നേരെ ജില്ലാ ആശുപത്രിയിൽ പോയി കോവിഡ് പരിശോധന നടത്തി. മകനും ഞാനും കോവിഡ് പോസിറ്റീവ്. വീണ്ടും ശ്വാസം മുട്ടലിന്റെയും മറ്റും പരീക്ഷണ ദിനങ്ങൾ. തൃശൂർ മെഡിക്കൽ‍ കോളജിൽ 9 ദിവസത്തെ ചികിൽസ; കോവിഡ് ദുരിതങ്ങൾ മന്ത്രി പറഞ്ഞു നിർത്തി, ഒപ്പം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അദ്ദേഹം മറന്നില്ല.

“അത്ര അത്യാവശ്യമില്ലെങ്കിൽ ഈ ലോക്ക്ഡൗൺ കാലത്തു പുറത്തിറങ്ങരുത് കോവിഡ് വന്നു പോട്ടെ എന്ന നിലപാട് പാടില്ല. വന്നാൽ പറയുന്നത്ര നിസാരമായി കോവിഡ് ശരീരം വിട്ട് പോകണമെന്നില്ല. 100 വെന്റിലേറ്റർ കരുതി വെക്കുമ്പോൾ 500 പേർ വന്നാൽ എന്തുചെയ്യും. ചികിൽസയുടെ ഗുണനിലവാരം കുറയും. സമ്പർക്കം ഒഴിവാക്കുകയല്ലാതെ മറ്റു മാർഗമില്ല. വരാനിരിക്കുന്നതു കഠിനമായ ദിനങ്ങളാണ്. നാം വഴി മറ്റൊരാൾക്കു രോഗം വരില്ലെന്ന് ഉറപ്പിക്കുക. നമ്മുടെ അശ്രദ്ധ വേണ്ടപ്പെട്ടവരുടെ മരണത്തിനു പോലും കാരണമാകാം. കോവിഡ് ഒരാൾക്കു വന്നാൽ ആ വീട് മൊത്തം താളം തെറ്റും. അതു ശരിയായി വരാൻ മാസങ്ങളെടുക്കും. പരമാവധി മുൻകരുതൽ എടുത്തിട്ടും കോവിഡ് വന്നുകഴിഞ്ഞാൽ ഭയക്കരുത്. അതിനെ ധൈര്യമായി നേരിടുക. തലക്കു മീതെ വെള്ളം വന്നാൽ അതിനു മീതെ തോണി, അത്രയേ ഉള്ളൂ. പക്ഷേ, ശ്രദ്ധിച്ചില്ലെന്ന കുറ്റബോധം വേട്ടയാടരുത്,”- മന്ത്രി പറഞ്ഞു.

Also Read:  സെൻട്രൽ വിസ്‌ത: 62 കോടി ഡോസ്‌ വാക്‌സിന് തുല്യം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE