അന്റാർട്ടിക്കയിലും 36 പേർക്ക് കോവിഡ്; കൊറോണ കീഴടക്കാൻ 218ൽ ഇനി 12 രാജ്യങ്ങൾ മാത്രം

By Esahaque Eswaramangalam, Chief Editor
  • Follow author on
No Covid Countries
Representational Image
Ajwa Travels

ചിലി: ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്കയിലും കോവിഡ് റിപ്പോർട്ട് ചെയ്‌തു. ഭൂമിയിലിതുവരെ കൊറോണ വൈറസിന് സാന്നിധ്യമറിയിക്കാൻ കഴിയാത്ത അപൂർവം പ്രദേശങ്ങളിലൊന്ന് എന്ന വിശേഷണം അന്റാർട്ടിക്കക്ക് ഇതോടെ നഷ്‌ടമായി. ലോകത്താകെയുള്ള 195 രാജ്യങ്ങളും 23 സവിശേഷ പ്രവിശ്യകളും ഉൾപ്പടെ 218 ഇടങ്ങളിൽ കോവിഡ് കടന്നു ചെല്ലാത്ത അപൂർവം സ്‌ഥലങ്ങളിൽ ഒന്നായിരുന്നു അന്റാർട്ടിക്ക.

98% മഞ്ഞു മൂടികിടക്കുന്ന ഈ വൻകരയിൽ ‘സ്വാഭാവിക’ മനുഷ്യവാസം ഇല്ല എന്ന് തന്നെ പറയാം. ആകെയുള്ളത് ഗവേഷകരായ, അയ്യായിരത്തോളം വരുന്ന ആളുകളാണ്. ഇവരാകട്ടെ യൂറോപ്പ്‌, ഓസ്ട്രേലിയ എന്നിവയെക്കാളും വിസ്‌തൃതിയുള്ള അന്റാർട്ടിക്കയുടെ വിവിധ ദേശങ്ങളിലായിരിക്കും. ഇതിലെ ചിലിയിൽ (റിപ്പബ്ളിക് ഓഫ് ചിലി) നിന്നുള്ള റിസർച്ച് ബേസ് സ്‌ഥിതി ചെയ്യുന്നിടത്താണ് 36 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌.

സൈനിക ഗവേഷകരായ 26 പേർക്കും ഇവർക്കൊപ്പം അറ്റകുറ്റപ്പണി നടത്തുന്ന 10 പേർക്കുമാണു രോഗം. രോഗബാധിതരെ ചിലിയിലെ പുന്ത അരീനയിലേക്കു മാറ്റിപാർപ്പിച്ചു. റിസർച്ച് ബേസിനു പിന്തുണ നൽകിയിരുന്ന കപ്പലിലെ മൂന്നു ജീവനക്കാരും കോവിഡ് പോസിറ്റീവായി. വ്യാപനം തടയുന്നതിനായി ഇവിടത്തെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവച്ചു.

ഇനി കോവിഡ് മഹാമാരി കടന്നുചെല്ലാത്ത 11 രാജ്യങ്ങൾ/പ്രവിശ്യകൾ മാത്രമാണ് ലോകത്ത് ബാക്കിയുള്ളത്. തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകൾ ചേരുന്ന, ആകെ 12ആയിരം ജനസംഖ്യയുള്ള രാജ്യമായ തുവാലു. 6 ലക്ഷത്തിൽ താഴെ ജനവാസമുള്ള മദ്ധ്യേഷ്യയിലെ തുർക്‌മെനിസ്‌ഥാൻ. 2 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ്‌സമൂഹ രാജ്യമായ ടോങ്ക (കിങ്ഡം ഓഫ് ടോങ്ക) ദക്ഷിണ ശാന്ത സമുദ്രത്തിലെ 3 ലക്ഷത്തോളം ജനതയുള്ള സമോവൻ ദ്വീപുരാജ്യമായ സമോവയിലും കോവിഡ് കയറിയിട്ടില്ല.

1994 ഒക്‌ടോബർ ഒന്നിന് സ്വതന്ത്രമായ, 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉൾപ്പെട്ട, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രങ്ങളിലൊന്നായ പലാവു. 35,000ത്തിൽ താഴെ ജനങ്ങളേ ഈ രാജ്യത്ത് ഉണ്ടാകൂ എന്നാണ് കണക്കാക്കുന്നത്. മൂന്നുകോടിയോളം ജനസംഖ്യയുള്ള, ലോകപ്രശസ്‌ത ഏകാധിപതി കിം ജോങ് യുൻ ഭരിക്കുന്ന ഉത്തര കൊറിയയിലും കോവിഡ് പ്രവേശിച്ചിട്ടില്ല.

പതിനായിരത്തിൽ താഴെമാത്രം ആളുകളുള്ള ദക്ഷിണ ശാന്ത സമുദ്രത്തിലെ ദ്വീപ് രാജ്യമായ നിയുവെയിലും കോവിഡ് കയറാൻ ശ്രമിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക്കും, കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന രാജ്യമായ, 30,000ത്തിന് താഴെ ജനസംഖ്യയുള്ള നൗറു അഥവാ റിപ്പബ്ളിക് ഓഫ് നൗറുവും ഇതുവരെ കോവിഡ് ഫ്രീയാണ്.

രണ്ടു ലക്ഷത്തിൽ താഴെമാത്രം ജനവാസമുള്ള പസഫിക് മഹാസമുദ്രത്തിലെ 33 ദ്വീപുകളുടെ കൂട്ടായ്‌മാ രാജ്യമായ, കിരിബാറ്റി (Kiribati) എന്നെഴുതി കിരീബാസ് എന്ന് വിളിക്കുന്ന രാജ്യത്തിനകത്തും കോവിഡ് ക്ളച് പിടിച്ചില്ല. മറ്റൊരു സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്‌ട്രമായ മൈക്രോനേഷ്യയിലും കോവിഡ് മഹാമാരി ദുരന്തം വിതച്ചിട്ടില്ല. ഇവിടെയും രണ്ടു ലക്ഷത്തിൽ താഴെയാണ് ജനസംഖ്യ. പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന, അൻപതിനായിരത്തിൽ താഴെമാത്രം ജനതയുള്ള, 15 ദ്വീപുകൾ ചേർന്ന കുക്ക് ഐലൻഡ് എന്ന രാജ്യത്തും മഹാഭാഗ്യത്തിന് കോവിഡ് പ്രവേശിച്ചിട്ടില്ല.

Most Read: മുഖ്യമന്ത്രിയുടെ മുസ്‌ലിംലീഗ് വിരുദ്ധ പരാമർശവും സമസ്‌തയുടെ പ്രതികരണവും

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE