കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കുകൾ കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് ഹരജി പരിഗണിക്കുക. കോവിഡ് ചികിൽസയുടെ പേരിൽ അമിത നിരക്ക് ഈടാക്കാൻ ആശുപത്രികളെ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി വ്യക്‌തമാക്കിയത്.
ചികിൽസാ നിരക്ക് കുറക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ആശുപത്രികൾ പാലിക്കുന്നില്ലെന്ന് കോടതി സർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹരജിയിൽ സ്വകാര്യ ആശുപത്രികളെയും കക്ഷി ചേർത്തിട്ടുണ്ട്. ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അതിനിടെ പ്രതിദിന രോഗികളുടെ എണ്ണം വർധിച്ചതോടെ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ ബെഡുകളും നിറയുകയാണ്. നിലവിൽ സംസ്‌ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി ഇല്ലെന്ന് സർക്കാർ പറയുമ്പോഴും വരുംദിവസങ്ങളിൽ സാഹചര്യം വഷളാകുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്.
Read also: 4 മന്ത്രിസ്‌ഥാനം ആവശ്യപ്പെടും; വിട്ടുവീഴ്‌ചക്കില്ല; നിലപാടുമായി സിപിഐ