ന്യൂഡെൽഹി: 8 മുതൽ 12 വയസ് വരെയുള്ള കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് വേഗത്തിലാക്കണമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ ഡോക്‌ടർ രൺദീപ് ഗുലേറിയ. കുട്ടികളുടെ പ്രതിരോധശേഷി മുതിർന്ന ആളുകളിൽ നിന്നും വ്യത്യസ്‌തമാണെന്നും, അതിനാൽ തന്നെ വാക്‌സിന്റെ ലഭ്യത അനുസരിച്ച് കുട്ടികളിലെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാനുള്ള അടുത്ത പ്രധാന മാർഗമാണ് കുട്ടികളിലെ വാക്‌സിനേഷൻ എന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വാക്‌സിനേഷനിൽ മറ്റ് രോഗങ്ങൾ ഉള്ള കുട്ടികൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും എയിംസ് ഡയറക്‌ടർ നിർദ്ദേശം നൽകി. അടുത്ത ആറാഴ്‌ച മുതല്‍ എട്ടാഴ്‌ച വരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് വരുത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ കൊവാക്‌സിന് ഉടൻ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികളെല്ലാം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.
Read also: ജമ്മു കശ്‌മീരില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു