ആലപ്പുഴ: അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഐഎം. ഉൽഘാടന വേദിയിലേക്ക് സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ജി സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമാണ് വേദിയിലേക്കുള്ള ദൂരം. സമ്മേളന ദിവസങ്ങളിൽ അദ്ദേഹം വീട്ടിൽ തന്നെയുണ്ട്.
നിലവിൽ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ. സമ്മേളനത്തിൽ സ്വാഭാവികമായി ക്ഷണിക്കപ്പെടേണ്ടയാളാണ് അദ്ദേഹം. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. പാർട്ടിയിൽ ഉന്നത പദവി വഹിക്കുന്നില്ലെങ്കിൽ പോലും മുതിർന്ന നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത് പതിവാണ്.
മന്ത്രി സജി ചെറിയാനാണ് പൊതുസമ്മേളനം ഉൽഘാടനം ചെയ്യുന്നത്. മുൻപ് ആലപ്പുഴയിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തിലാണ് എച്ച് സലാം ജി സുധാകരനെതിരെ പരാതി നൽകിയിരുന്നത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ സജീവമായി പങ്കെടുത്തില്ലെന്നായിരുന്നു സലാമിന്റെ പരാതി. തന്നെ തോൽപ്പിക്കാൻ സുധാകരൻ ശ്രമിച്ചെന്നും സലാം ആരോപണം ഉന്നയിച്ചിരുന്നു.
ഇത് അന്വേഷിച്ച ശേഷം പരാതിയിൽ കഴമ്പുണ്ടെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. തുടർന്ന് സർക്കാരിനും പാർട്ടിക്കുമെതിരെ ജി സുധാകരൻ നിരവധി തവണ പരോക്ഷ വിമർശനം ഉന്നയിക്കുകയും വലിയ വിവാദമായി മാറുകയും ചെയ്‌തിരുന്നു. നേരത്തെ സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടിജെ ആഞ്ചലോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് കള്ള റിപ്പോർട് ഉണ്ടാക്കിയെന്ന സുധാകരന്റെ പ്രസ്‌താവന വലിയ ചർച്ചയായിരുന്നു.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം