തിരുവനന്തപുരം: സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്‌ഥാന സംഘടനാ പർവം യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെയും സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിന് അംഗത്വം നൽകിയത്.
കൊല്ലത്ത് സിപിഎമ്മിലെ വിഭാഗീയത പരിഹരിക്കാൻ പാർട്ടി സംസ്‌ഥാന സെക്രട്ടറി നേരിട്ടെത്തിയതിന് പിന്നാലെയാണ് ആലപ്പുഴയിൽ നിന്ന് ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് പോയത്. ബിപിനെതിരെ ഭാര്യ പാർട്ടിക്കും പോലീസിലും ഗാർഹിക പീഡന പരാതി നൽകിയതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് അദ്ദേഹം രാജിവെച്ചത്. ബിപിന്റെ മാതാവും ഏരിയ കമ്മിറ്റി അംഗമാണ്.
സിപിഎം വർഗീയ ശക്‌തികളുടെ നിയന്ത്രണത്തിലാണെന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് ശേഷം ബിപിൻ പറഞ്ഞു. പാർട്ടി ഒരു വിഭാഗത്തിന്റെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ”വർഗീയ ശക്‌തികളാണ് ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത്. മതനിരപേക്ഷത ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎം നേരിട്ട ദയനീയ പരാജയം എല്ലാവരും കണ്ടതാണ്.
ജി സുധാകരന് പോലും ഇപ്പോൾ ദയനീയമായ അവസ്‌ഥയാണ് ആലപ്പുഴയിൽ. ഒരു വിഭാഗത്തിന്റെ കൈയിലാണ് പാർട്ടി. ഇനി പാർട്ടിക്ക് ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല. ആലപ്പുഴയിൽ ആയിരക്കണക്കിന് പേർ പാർട്ടി വിട്ടുപോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളന കാലം കഴിയുമ്പോൾ എല്ലാവർക്കും അത് ബോധ്യപ്പെടും.
വർഗീയ ശക്‌തികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ജി സുധാകരനോടുള്ള അവഗണന. ഇതുസംബന്ധിച്ചു സംസ്‌ഥാന നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. പദവികൾ നോക്കിയല്ല ബിജെപിയിൽ ചേരുന്നത്. അതൊക്കെ വന്നു ചേരുന്നതാണ്”.- ബിപിൻ പറഞ്ഞു.
സന്ദീപ് വാര്യർ പാർട്ടി വിട്ടതും പാലക്കാട്ടെ തോൽവിയും മൂലം കടുത്ത പ്രതിസന്ധിയിലായ ബിജെപി നേതൃത്വത്തിന് ഏറെ ആശ്വാസമാണ് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ കടന്നുവരവ്. കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ജി സുധാകരന് ഉൾപ്പടെ പാർട്ടിയിൽ അതൃപ്‌തിയുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’