കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും സിപിഎം നീക്കി.
ഇന്ന് അടിയന്തിരമായി ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. പിപി ദിവ്യക്കെതിരെ എടുത്ത നടപടി സിപിഎം സംസ്‌ഥാന കമ്മിറ്റിയെ ഉടൻ അറിയിക്കും. അനുമതി ലഭിച്ചാൽ പിപി ദിവ്യ ഇനിമുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും.
നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയാണ് സംഭവിച്ചതെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്‌ചകൾക്ക് ശേഷം നടപടി ഉണ്ടായത്. നവീന്റെ മരണം വിവാദമായ ഘട്ടത്തിൽ ആദ്യം ദിവ്യയെ അനുകൂലിച്ചു കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.
അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ നിലപാടെന്നായിരുന്നു കണ്ണൂർ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാൽ, പത്തനംതിട്ട സിപിഎം ഘടകം ദിവ്യക്കെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. ഒളിവിൽപ്പോയ ദിവ്യ ഇതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനവും രാജിവെച്ചു. ഒടുവിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പോലീസിന് മുന്നിൽ ദിവ്യക്ക് കീഴടങ്ങേണ്ടിയും വന്നു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!