കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് അടിയന്തിര മന്ത്രിസഭാ യോഗം ചേർന്നു. യോഗത്തിൽ ദുരന്തത്തിൽ മരിച്ച വിദ്യാർഥികൾക്ക് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്‌റ്റ് ഹൗസിലാണ് യോഗം ചേർന്നത്.
ദുഃഖസൂചകമായി നാളെ നവകേരള സദസിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. ക്യാമ്പസിനുള്ളിലുള്ള മറ്റു വിദ്യാർഥികളെ പോലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നുണ്ട്. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും സംഭവ സ്‌ഥലത്തേക്ക് തിരിച്ചു. ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചേർന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ് ഡയറക്‌ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്കും നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിലെ സർജറി, ഓർത്തോപീഡിക്‌സ്, വിഭാഗം ഡോക്‌ടർമാരുടെ സംഘം എറണാകുളത്ത് ഉടൻ എത്തിച്ചേരുമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളക്കിടെയാണ് സംഭവം. സ്‌കൂൾ ഓഫ് എൻജിനിയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്‌തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ, തിരക്കിൽപ്പെട്ടു പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.
ടെക് ഫെസ്‌റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കിടെ മഴ പെയ്യുകയും നിരവധിയാളുകൾ കൂട്ടമായി ഇവിടേക്ക് എത്തുകയും ചെയ്‌തു. തിരക്കിൽ നിലത്തു വീണ് ചവിട്ടേറ്റ് മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. 64 പേർക്ക് പരിക്കേറ്റു. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Most Read| മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥ് കൊലപാതകം; നാല് പ്രതികൾക്ക് ജീവപര്യന്തം