സർക്കാരിന് ഞങ്ങളെ ഭയമാണ്; റെയ്‌ഡിൽ പ്രതികരിച്ച് ദൈനിക് ഭാസ്‌കർ

By Syndicated , Malabar News
dainik-bhaskar

ന്യൂഡെൽഹി: വിവിധ ഓഫിസുകളിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനക്ക് പിന്നാലെ പ്രതികരണവുമായി ദൈനിക് ഭാസ്‌കർ. തങ്ങൾ സ്വതന്ത്രരാണെന്നും അതിനാൽ സർക്കാരിന് ഞങ്ങളെ ഭയമാണെന്നും ദൈനിക് ഭാസ്‌കർ ട്വീറ്റ് ചെയ്‌തു. ഇവരുടെ ഡെല്‍ഹി, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് ഇന്ന് ഒരേസമയം റെയ്‌ഡ്‌ നടന്നത്.

നികുതി വെട്ടിപ്പ് ആരോപിച്ചാണ് ആദായനികുതി വകുപ്പ് റെയ്‌ഡ്‌ നടത്തിയതെന്നാണ് വിവരം. ദൈനിക് ഭാസ്‌കർ ഗ്രൂപ്പിന്റെ പ്രമോട്ടർമാരുടെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ്‌ നടന്നതായും സൂചനയുണ്ട്.

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് സംഭവിച്ച വീഴ്‌ചകൾ പുറത്തു കൊണ്ടുവന്നത് ദൈനിക് ഭാസ്‌കർ ആയിരുന്നു. കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ അവകാശ വാദങ്ങളെ തകർത്തുകൊണ്ടാണ് ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നത്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ലഭിക്കാതെ ജനങ്ങൾ പിടഞ്ഞു വീണപ്പോൾ സർക്കാരിന്റെ കെടുകാര്യസ്‌ഥത പുറത്തെത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് രാജ്യത്തെ ഏറ്റവും വലിയ പത്ര ഗ്രൂപ്പുകളിലൊന്നായ ദൈനിക് ഭാസ്‌കറാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരങ്ങൾ ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന ദയനീയ കാഴ്‌ചകളും പത്രം ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചു.

അതേസമയം മാദ്ധ്യമ സ്‌ഥാപനത്തിൽ നടത്തിയ റെയ്‌ഡിൽ അപലപിച്ച് വിവിധ നേതാക്കൾ രംഗത്ത് വന്നു. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി സർക്കാരെന്ന് ഡെൽഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു. ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് എങ്ങനെയാണ് ഇത്രയും ധിക്കാരിയാകാന്‍ കഴിയുന്നതെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. ജനാധിപത്യ കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എങ്കിലും അടിയന്തരാവസ്‌ഥ പോലെയുള്ള അവകാശ ലംഘനങ്ങളാണ് ചുറ്റും നടക്കുന്നതെന്നും ഭൂഷൺ ചൂണ്ടിക്കാട്ടി.

Read also: വ്യക്‌തമായ അജണ്ട നൽകിയാൽ കേന്ദ്രവുമായി ചർച്ചക്ക് തയ്യാർ; രാകേഷ് ടിക്കായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE