ന്യൂഡെല്‍ഹി: ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ളീഷ് സിലബസില്‍ നിന്ന് ഡെല്‍ഹി സര്‍വകലാശാലയുടെ മേല്‍നോട്ട സമിതി നീക്കം ചെയ്‌തതായി റിപ്പോർട്. പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ രചനകളാണ് നീക്കം ചെയ്‌തത്. മേല്‍നോട്ട സമിതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.
ദളിത് എഴുത്തുകാരുടെ കൃതികള്‍ നീക്കം ചെയ്‌ത് പകരം സവര്‍ണ്ണ എഴുത്തുകാരി രമാബായിയുടെ എഴുത്ത് ഉള്‍ക്കൊള്ളിച്ചുവെന്നുമാണ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത്. ഗോത്രവര്‍ഗ സ്‍ത്രീയെക്കുറിച്ച് മഹാശ്വേതാദേവി എഴുതിയ ദ്രൗപതി എന്ന കഥയും നീക്കം ചെയ്‌ത സൃഷ്‌ടികളിൽ ഉൾപ്പെടുന്നു. അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍വെച്ച് 15 അംഗങ്ങളും മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
ദളിതര്‍, ആദിവാസികള്‍, സ്‍ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം മേല്‍നോട്ട സമിതിയെ അസ്വസ്‌ഥരാക്കുന്നു എന്നും സിലബസില്‍ നിന്ന് അത്തരം ശബ്‌ദങ്ങളെല്ലാം നീക്കം ചെയ്യാനുള്ള സംഘടിത ശ്രമങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്‌തമാണെന്നും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
Read also: സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം; കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു