കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. പിപി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായി അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
പത്തനംതിട്ടയിലേക്കുള്ള സ്‌ഥലംമാറ്റം ലഭിച്ച എഡിഎം കെ നവീൻ ബാബുവിന് സഹപ്രവർത്തകർ ഒക്‌ടോബർ 14ന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തിൽ അദ്ദേഹം അടുത്തദിവസം ആത്‍മഹത്യ ചെയ്‌തുവെന്നാണ് കേസ്.
അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ കെകെ രത്‌നകുമാരിയാണ് സിപിഎമ്മിന്റെ സ്‌ഥാനാർഥി. യുഡിഎഫ് സ്‌ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ മൽസരിക്കും. 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ കളക്‌ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡണ്ട് അധികാരമേൽക്കും.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ