ന്യൂഡെൽഹി: കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനുള്ള ആവശ്യ മരുന്നുകളും ഓക്‌സിജനും കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിൽ ഡെൽഹി സർക്കാർ പരാജയപ്പെട്ടുവെന്ന് ഡെൽഹി ഹൈക്കോടതി. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്ത തടയാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി.
ഡെൽഹി സർക്കാരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് ഹൈക്കോടതി പറഞ്ഞു. സ്‌ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ അക്കാര്യം പറയൂവെന്നും കേന്ദ്രത്തോട് ഇടപെടാൻ ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
അപ്രായോഗിക ഉത്തരവുകളാണ് ഡെൽഹി സർക്കാർ പുറപ്പെടുവിക്കുന്നത്. ഓഫീസിലിരുന്ന് അത്തരം ഉത്തരവുകൾ ഇറക്കിയാൽ ഈ യുദ്ധം ജയിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതണ്ട. നിങ്ങൾ മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. ഹൈക്കോടതി ജഡ്‌ജിമാർക്കും ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കോവിഡ് ചികിൽസക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്‌തമാക്കി.
ഹൈക്കോടതി ആവശ്യ പ്രകാരം ജഡ്‌ജിമാർക്കും കുടുംബാംഗങ്ങൾക്കും കോവിഡ് ചികിൽസക്കായി അശോക ഹോട്ടലിലെ 100 മുറികൾ കോവിഡ് ചികിൽസാ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന മാദ്ധ്യമ വാർത്തയെ തുടർന്ന് ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇത്തരത്തിലുള്ള ഒരാവശ്യവും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
Read also: കോവിഡ്; 4 മാസത്തിനിടെ ജീവൻ നഷ്‌ടപ്പെട്ടത് 43 മാദ്ധ്യമ പ്രവർത്തകർക്ക്