ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ

By Central Desk, Malabar News
Didn't understand what is BJP propagated 'Delhi liquor scam'; Kejriwal
Ajwa Travels

ന്യൂഡെൽഹി: മദ്യനയം നടപ്പാക്കിയതിൽ യാതൊരു ക്രമക്കേടുകളും അഴിമതിയും നടന്നിട്ടില്ലെന്നും ഇത് ബിജെപി ഓഫിസിലും പ്രധാനമന്ത്രിയും ചേർന്ന് നടത്തിയ മറ്റൊരു ഗൂഢാലോചന മാത്രമാണെന്നും ബിജെപിയുടെ ഉപശാഖകളായ സിബിഐയും ഇഡിയും എത്ര റെയ്‌ഡുകൾ നടത്തിയാലും തങ്ങൾക്ക് ഭയമില്ലെന്നും ഡെൽഹി മുഖ്യമന്ത്രി കെജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആവർത്തിച്ചു വ്യക്‌തമാക്കുമ്പോഴും രാജ്യവ്യാപകമായി റെയ്‌ഡുകൾ തുടരുകയാണ് കേന്ദ്രം.

മദ്യ കുംഭകോണം എന്നത് ഒന്നരലക്ഷം കോടി രൂപയുടെ അഴിമതിയാണെന്നാണ് ഇക്കൂട്ടർ ആദ്യം പറഞ്ഞത്. ഡെൽഹിയുടെ ബജറ്റ് 70,000 കോടി രൂപ മാത്രമായിരിക്കെ എങ്ങനെയാണ് 1.5 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നത്? 8,000 കോടിയുടെ അഴിമതി നടന്നതായി മറ്റുചില ബിജെപി നേതാക്കൾ അവകാശപ്പെട്ടു. 1100 കോടിയുടെ അഴിമതി നടന്നതായി അവരുടെ മൂന്നാമത്തെ നേതാവ് പറഞ്ഞു. അതേസമയം, 144 കോടി രൂപയുടെ അഴിമതി നടന്നതായി ഡെൽഹിയുടെ ചുമതലയുള്ള ലഫ്. ഗവർണർ പറഞ്ഞു, ഒരു കോടി അഴിമതി നടന്നതായി സിബിഐ എഫ്ഐആറിൽ പറയുന്നു. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടതെന്നും അരവിന്ദ് കെജ്‍രിവാൾ ചോദിച്ചു.

രാവിലെ മുതൽ വൈകുന്നേരം വരെ എല്ലായിടത്തും സിബിഐ-ഇഡിയെ അയക്കുന്നതിനുപകരം, രാജ്യത്തിന് വേണ്ടി കേന്ദ്രസർക്കാർ എന്തെങ്കിലും ചെയ്യണമെന്നും കെജ്‍രിവാൾ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐയെയും ഇഡിയെയും ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. സിബിഐയെയും ഇഡിയേയും റെയ്‌ഡിന് നിർബന്ധിക്കുന്നതിന് പകരം രാജ്യത്തിന്റെ വികസനത്തിന് ചില നല്ല പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ ചെയ്യണമെന്നും കെജ്‍രിവാൾ ആവശ്യപ്പെട്ടു.

‘ആരോപിക്കപ്പെടുന്ന മദ്യ അഴിമതി യഥാർർഥത്തിൽ എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. മനീഷ് സിസോദിയക്കെതിരെ സിബിഐ നടത്തിയ റെയ്‌ഡിൽ ഒന്നും കണ്ടെത്താനായില്ല. എല്ലാ സ്‌റ്റിങ്‌ ഓപ്പറേഷനുകളും അന്വേഷണത്തിനായി സിബിഐക്ക് കൈമാറണമെന്ന് മനീഷ് ആത്‌മ വിശ്വാസത്തോടെ പറഞ്ഞിട്ടുണ്ട്’ മദ്യനയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ സ്‌റ്റിങ്‌ ഓപ്പറേഷനെക്കുറിച്ച് ചോദിച്ചപ്പോൾ അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.

‘തിങ്കളാഴ്‌ച്ചക്കുള്ളിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ അറസ്‌റ്റ് ചെയ്യുക. ഇഡിയുടെയും സിബിഐയുടെയും പേരിൽ ഓരോ ഇന്ത്യക്കാരനിലും കേന്ദ്രസർക്കാർ ഭയം ജനിപ്പിച്ചിരിക്കുന്നു. ഇങ്ങനെയാണെങ്കിൽ രാജ്യം എങ്ങനെ പുരോഗമിക്കും? ആരെങ്കിലും തെറ്റ് ചെയ്‌താൽ അവരെ അറസ്‌റ്റ് ചെയ്യുക. സിബിഐയെയും ഇഡിയെയും ഒരാളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് കൊണ്ട് രാജ്യത്ത് പുരോഗതി കൈവരിക്കാൻ കഴിയില്ലെന്നും കെജ്‍രിവാൾ പറഞ്ഞു

‘മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്‌ഡ്‌ നടത്തിയപ്പോൾ ഒരു പൈസ പോലും കണ്ടെത്തിയില്ല. ഇയാളുടെ ലോക്കറിൽ നിന്ന് ഒന്നും കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ ഗ്രാമം സന്ദർശിക്കാൻ സിബിഐ ഉദ്യോഗസ്‌ഥരും പോയി. മനീഷ് ഭൂമി വല്ലതും വാങ്ങിയിട്ടുണ്ടോ എന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ ഗ്രാമവാസികളെ സിബിഐ ചോദ്യം ചെയ്‌തു. അവിടെയും ഒന്നും കണ്ടെത്തിയില്ല’ അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.

അതേസമയം; തന്നെ അറസ്‌റ്റ് ചെയ്യാൻ സിബിഐയെ പരസ്യമായി വെല്ലുവിളിച്ച് ഉപമുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി (എഎപി) നേതാവുമായ മനീഷ് സിസോദിയ രംഗത്ത് വന്നു. സിബിഐ തന്നെ കസ്‌റ്റഡിയിൽ വാങ്ങണമെന്നും അങ്ങനെ ചെയ്‌തില്ലെങ്കിൽ സ്‌റ്റിങ്‌ ഓപ്പറേഷനുകൾ വ്യാജമാണെന്ന് സമ്മതിക്കേണ്ടി വരുമെന്നും സിസോദിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE